9, 10 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jaihind Webdesk
Friday, June 7, 2019

കേരളത്തിൽ ഈ മാസം 9, 10 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 9ന് കൊല്ലം, ആലപ്പുഴ ജില്ലകളിലും 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 9ന് 7 ജില്ലകളിലും 10ന് 5 ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേയ്ക്കും. 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആവശ്യപ്പെട്ടു.

ഇത്തവണ ദീർഘകാല ശരാശരിയിൽ 96 ശതമാനം മൺസൂൺ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ പ്രളയകാലത്ത് ശരാശരിയിൽ നിന്ന് 23 ശതമാനം കൂടുതൽ മഴയാണ് കേരളത്തിൽ ലഭിച്ചത്. ആ സാഹചര്യം ആവർത്തിക്കില്ലെന്നാണ് സൂചന. കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിൽ വരുന്ന അപ്ഡേറ്റുകളും സ്ഥിതിഗതികളും വിശകലനം ചെയ്ത് പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ നാളെ ഉച്ചയോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും.