‘ജനാധിപത്യം കൊലചെയ്യപ്പെട്ടു’; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധ മാർച്ച്

 

ന്യൂഡല്‍ഹി : പെഗാസസ് ഫോൺ ചോർത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ നേതാക്കൾ മാർച്ച് നടത്തി. ഫോൺ ചോർത്തൽ പോലെയുള്ള ഗുരുതരമായ വിഷയങ്ങളില്‍ പോലും പാർലമെന്‍റില്‍ ചർച്ച ചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്.

രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന്  രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തെ പാർലമെന്‍റില്‍ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാജ്യം അപമാനിക്കപ്പെട്ടെന്നും  രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ വില്‍ക്കുകയാണെന്നും പെഗാസസില്‍ കള്ളം പറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് നിങ്ങളോട് സംസാരിക്കാനാണ്. പാർലമെന്‍റിൽ വെച്ച് കേന്ദ്രം പ്രതിപക്ഷ അംഗങ്ങൾക്ക് സംസാരിക്കാനുള്ള അവസരം പോലും നൽകിയിരുന്നില്ല. ഇത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണ്’ – മാർച്ചില്‍ സംസാരിക്കവെ  രാഹുൽ ഗാന്ധി പറഞ്ഞു.

ശിവസേന അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്നലെ വനിതാ എം.പിമാർക്ക് നേരെ നടന്ന കൈയേറ്റം ജനാധിപത്യത്തിന് നേരെയുള്ളതാണ്. പാകിസ്ഥാൻ ബോർഡറിൽ നിൽക്കുന്നത് പോലെ തോന്നിപ്പിക്കുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

കാര്‍ഷിക നിയമം, പെഗാസസ് വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച്. പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

Comments (0)
Add Comment