കരിപ്പൂർ വിമാനത്താവളത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കരിപ്പൂർ വിമാനത്താവള വികസനം സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപെട്ടു.
പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയത്. കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മുനീർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കണ്ണൂരിന്റെ പ്രതിനിധിയായി മാത്രമാണ് സംസാരിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ റദ്ദാക്കുകയാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളോടും സർക്കാരിന് ഒരേ സമീപനമാണെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളം മാത്രമല്ല ശബരിമല വിമാനത്താവളവും യാഥാർഥ്യമാക്കും. ഉഡാൻ വിമാനത്തവളത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയതിനാലാണ് കണ്ണൂർ വിമാനത്താവളത്തിന് ആനുകൂല്യങ്ങൾ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾക്ക് അല്ല മുഖ്യമന്ത്രി മറുപടി നൽകിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന്റെ 80 ശതമാനം നിർമാണം പൂർത്തിയാക്കിയത് യു.ഡി.എഫ് സർക്കാരാണ്. കണ്ണൂർ വിമാനത്താവളത്തിന് യു.ഡി.എഫ് എതിരല്ല. കണ്ണൂർ വിമാനത്താവളത്തിന് ഇന്ധന നികുതിയിൽ ഇളവ് നൽകിയത് സംസഥാനത്തെ മറ്റ് വിമാനത്താവളങ്ങൾക്കും ബാധകമാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. വിമാന സർവീസുകൾ റദ്ദാക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെ ദോഷകരമായി ബാധിക്കും. ഇക്കാര്യത്തിൽ സംസഥാന സർക്കാർ അടിയന്തരമായി ഇടപടണമന്നും പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു. തുടർന്നായിരുന്നു പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയത്. ബി.ജെ.പി അംഗം ഒ രാജഗോപാലും വാക്കൗട്ടിൽ പങ്കെടുത്തു.