തിരുവനന്തപുരം: മുഖ്യമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിപക്ഷ ആരോപണത്തില്‍ ഒന്നും മിണ്ടാതെ പിണറായി വിജയന്‍. എഡിജിപി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ വ്യക്തത വരുത്താനോ, വിശദീകരണം നല്‍കാനോ മുഖ്യമന്ത്രിയോ ആഭ്യന്തരവകുപ്പോ സിപിഎമ്മോ മുതിര്‍ന്നിട്ടില്ല. തന്റെ ആരോപണം നിഷേധിച്ചാല്‍ അപ്പോള്‍ ബാക്കി പറയാം എന്നായിരുന്നു പ്രതിപക്ഷനേതാവ് പറഞ്ഞത്. എന്നാല്‍ ഈ വെളിപ്പെടുത്തലിനോട് പ്രസ്താവന കൊണ്ടുപോലും സിപിഎം പ്രതികരിച്ചിട്ടില്ല.
അജിത്കുമാറുമായി കൂടിക്കാഴ്ച നടന്നതു സമ്മതിക്കുന്നില്ലെങ്കിലും സതീശന്‍ ആരോപിച്ച സമയത്ത് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരിലെ ക്യാംപിലുണ്ടായിരുന്നുവെന്ന് ആര്‍എസ്എസ് നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. അതില്‍ നിന്നും സിപിഎമ്മിന് ഒളിച്ചോടാന്‍ കഴിയില്ല എന്ന് ചുരുക്കം.
2023 മേയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടന്ന ആര്‍എസ്എസ് ക്യാംപില്‍ വച്ച് ഹൊസബാളെയും അജിത്കുമാറും ചര്‍ച്ച നടത്തിയെന്നായിരുന്നു വി ഡി സതീശന്റെ വെളിപ്പെടുത്തല്‍. അജിത്കുമാര്‍ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട ഹോട്ടലിന്റെ പേരുള്‍പ്പെടെ പുറത്തുവിട്ടിട്ടും നിഷേധിക്കാന്‍ ആഭ്യന്തര വകുപ്പിനു കഴിഞ്ഞിട്ടില്ല. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഔദ്യോഗിക യാത്രകളെല്ലാം പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് കൃത്യമായി രേഖപ്പെടുത്തുന്നതും നിരീക്ഷിക്കുന്നതുമായതിനാല്‍ ആരോപണം വസ്തുതാവിരുദ്ധമെങ്കില്‍ തെളിവു സഹിതം നിഷേധിക്കാന്‍ ആഭ്യന്തര വകുപ്പിനും അതു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും കഴിയേണ്ടതാണ്. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ല. ഒറ്റനോട്ടത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും.
ആര്‍എസ്എസിന്റെ ദേശീയതലത്തിലുള്ള നേതാവ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയെന്നാണ് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചത്. ഇത് ആര്‍എസ്എസിന്റെ ശാസ്ത്രവിഭാഗമായ വിജ്ഞാനഭാരതിയുടെ പ്രധാനിയായ തിരുവനന്തപുരം സ്വദേശിയാണെന്നാണു വിവരം.