സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം ; വിശദാംശങ്ങള്‍ ‘ഓപ്പറേഷന്‍ ട്വിന്‍സി’ലൂടെ

തിരുവനന്തപുരം : സംസ്ഥാനത്തെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷം. www.operationtwins.com എന്ന സൈറ്റിലാണ് വിവരങ്ങൾ ഉള്ളത്. പൊതുജനങ്ങൾക്ക് അനായാസം വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റിന്‍റെ രൂപകല്‍പന. ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യു ഡി എഫ് പ്രവർത്തനം.

സംസ്ഥാനത്തെ ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങള്‍ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞിരുന്നു. 140 നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേരു വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്.

നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാർത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡിനമ്പര്‍, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളില്‍ ഉള്ള വോട്ടിന്‍റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്‍റെ ഐഡി നമ്പർ, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോട്ടോ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സൈറ്റില്‍ പുതുതായി ഉള്‍പ്പെടുത്തും. എല്ലാ പൊതുപ്രവര്‍ത്തകരും വോട്ടര്‍മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണമെന്നും പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു.

Comments (0)
Add Comment