കണ്ണൂരിലെ ബോംബ് സ്ഫോടനങ്ങള്‍; സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷം സഭയില്‍

Jaihind Webdesk
Wednesday, July 13, 2022

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ ബോംബ് സ്ഫോടനങ്ങളും സംസ്ഥാനത്തെ ക്രമസമാധാനനിലയും സഭയിൽ അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. ബോംബ് നിർമ്മാണത്തിന് പിന്നിൽ ആരെന്നും ആരെ ലക്ഷ്യം ഇട്ടാണ് ആക്രമണമെന്നും കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്‌ഫോടനങ്ങൾ നിർഭാഗ്യകരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കണ്ണൂർ ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളും സംസ്ഥാനത്തിന്‍റെ ക്രമസമാധാന നിലയും സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ബോംബ് നിര്‍മിച്ചത് ആരെന്നും ആരെ ലക്ഷ്യമിട്ടെന്നും കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്ഫോടനം നടന്നത് സിപിഎം കേന്ദ്രത്തിലാണ്. സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ക്രമസമാധാന പ്രശ്നം മുഖ്യമന്ത്രിക്ക് വിഷയമല്ല. വർഗീയതയ്ക്കെതിരായ സ്റ്റഡി ക്ലാസെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രമേയത്തിന് വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായില്ല. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിലും പ്രമേയത്തിന് മറുപടി നൽകാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.