പോലീസ് കമ്മീഷണറേറ്റുകൾക്ക് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും സമവായത്തിലൂടെ തീരുമാനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സി.പി.ഐയുടെ എതിപ്പ് മൂലമാണ് മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവ് സമവായത്തിലൂടെ നടപ്പിലാക്കാമെന്ന് നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. നീതിന്യായ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് പോലീസ് കമ്മീഷണറേറ്റുകൾ രൂപികരിച്ച് കമ്മീഷണർക്ക് മജിസ്റ്റീരിയൽ അധികാരം നൽകുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ടി ബൽറാം എം.എൽ.എ ആരോപിച്ചു.
എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നു നിയമമന്ത്രി എ.കെ ബാലൻ സഭയിൽ പറഞ്ഞു. തമിഴ്നാട്, കർണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ 44 ഓളം നഗരങ്ങളിൽ മജിസ്റ്റീരിയൽ അധികാരം നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്‍റെ കാലത്തെ തീരുമാനം ആണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് മജിസ്റ്റീരിയൽ അധികാരം നൽകുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടതെന്നു പ്രതിപക്ഷവും ആരോപിച്ചു. യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്‌തെങ്കിലും പൊതുസമൂഹത്തിൽ നിന്നും വിപരീത അഭിപ്രായം ഉണ്ടായതിനെ തുടർന്ന് തീരുമാനം എടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. സി.പി.ഐ പരസ്യമായി എതിർത്തതുകൊണ്ടാണ് മുഖ്യമന്ത്രി സമവായത്തിലൂടെ തീരുമാനം എടുക്കാമെന്ന് നിലപാട് മാറ്റുന്നതെന്നും മന്ത്രി സഭയിലെ മന്ത്രിമാർ പോലും അറിയാതെയാണ് മുഖ്യമന്ത്രി തീരുമാനം എടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പോലീസ് സേനയിൽ മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് ഇതിന് തുടക്കമിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.