ന്യൂഡല്‍ഹി: പാർലമെന്‍റിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഭരണ പ്രതിപക്ഷ വാക്കേറ്റത്തിൽ ലോക്‌സഭ ഇന്ന് ഒരു തവണ തടസപ്പെട്ടു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഉത്തരവാദിത്തമുണ്ടെന്ന് കെ.സി. വേണുഗോപാൽ എംപി. പ്രതിപക്ഷത്തിനെതിരെ പാർലമെന്‍ററികാര്യ മന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ലോക്‌സഭയിലും രാജ്യസഭയിലും ബജറ്റിന്മേലുള്ള ചർച്ചകളാണ് ഇന്നും തുടരുന്നത്. ബജറ്റിലെ അവഗണനയ്ക്കെതിരെ ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ അൽപസമയത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ജനവിധിയെ അപമാനിച്ചു എന്ന കിരൺ റിജിജുവിന്‍റെ പരാമർശത്തോട് പ്രതികരിച്ച കോൺഗ്രസ് എംപി കെസി വേണുഗോപാൽ, പ്രതിപക്ഷത്തെയും ഭരണകക്ഷി എംപിമാരെയും ഏകോപിപ്പിക്കേണ്ടത് പാർലമെന്‍ററികാര്യ മന്ത്രിയുടെ കടമയാണെന്നും എന്നാൽ പ്രതിപക്ഷ എംപിമാരെ മാത്രമാണ് വിമർശിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ഉച്ചകഴിഞ്ഞ് 3:30 ന് ശേഷം ഭരണഘടനാ (ഭേദഗതി) ബിൽ, (എട്ടാം ഷെഡ്യൂളിന്‍റെ ഭേദഗതി), ജനപ്രാതിനിധ്യ (ഭേദഗതി) ബിൽ 2024, കലാകാരന്മാർ (സാമൂഹിക സുരക്ഷ) ബിൽ 2024, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ (സംരക്ഷണവും ക്ഷേമവും) ഉൾപ്പെടെയുള്ള സ്വകാര്യ ബില്ലുകൾ എന്നിവയാണ് ലോക്സഭയില്‍ പ്രധാനമായും അവതരിപ്പിക്കാനിരിക്കുന്നത്.