വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍

Jaihind Webdesk
Tuesday, May 21, 2019

ന്യൂഡല്‍ഹി: രാജ്യത്ത് പലയിടങ്ങളിലും വോട്ടെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും വോട്ടിങ് മെഷീനുകളില്‍ തിരിമറി നടന്നുവെന്നുമുള്ള ആശങ്കകള്‍ കമ്മീഷനോട് പങ്കുവെച്ച് 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച.

ബിഹാറും ഹരിയാനയും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നിന്ന് വോട്ടിങ് മെഷീനുകള്‍ കണ്ടെടുത്ത സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് നേതാക്കള്‍ കമ്മീഷനെ അറിയിച്ചു. സ്ട്രോങ് റൂമിനടുത്ത് നിന്നാണ് ലോറിയില്‍ കൊണ്ട് വന്ന വോട്ടിങ് യന്ത്രങ്ങള്‍ പിടികൂടിയതെന്നത് ഗുരുതരമായ വീഴ്ചയാണെന്നും സംഘം കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലും വ്യാപകമായി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടുണ്ടെന്നും നേതാക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 21 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കമ്മീഷന്റെ പക്കല്‍ നിന്ന് കാണാതായതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തുന്നതിന് കാണാതായ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചേക്കുമെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പില്‍ ആശങ്കയുണ്ടെന്നും ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലെത്തിയ സംഘം കമ്മീഷനെ അറിയിച്ചു.

കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും സത്യസന്ധതയും നഷ്ടപ്പെട്ടതായി നേരത്തെ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തുന്നതിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ എക്സിറ്റ് പോള്‍ഫലങ്ങളാണ് പുറത്ത് വന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു.

എന്നാല്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ വച്ചാണ് വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് സ്ട്രോങ് റൂമുകളിലേക്ക് മാറ്റിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.