രാജ്യസഭാ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയും കർഷക ദ്രോഹ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പശ്ചാത്തലത്തിലാണിത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി, സിപിഐ, സിപിഎം, എന്‍സിപി, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, ലോക്താന്ത്രിക് ജനതാദള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്​ നല്‍കുന്നത്.

ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നടപടിയാണ് ഉണ്ടായതെന്നും രാജ്യസഭാ ഉപാധ്യക്ഷനെതിരെ 12 പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാജ്യസഭ ബില്ലുകള്‍ പാസാക്കിയത്. രാജ്യസഭാ ഉപാധ്യക്ഷന്‍ ബില്ലുകള്‍ പാസാക്കിയ രീതിയിലും അദ്ദേഹത്തിന്‍റെ സമീപനത്തിലും വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു

Comments (0)
Add Comment