പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ; സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കണ്ട് നിവേദനം കൈമാറി

ന്യൂഡല്‍ഹി : ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ നിലവിലെ അക്രമ സംഭവങ്ങളിലുള്ള ആശങ്കയും നേതാക്കൾ രാഷ്ട്രപതിയെ അറിയിച്ചു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ 12 പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിക്ക് ഇതുമായി ബന്ധപ്പെട്ട നിവേദനം കൈമാറി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് 12 പ്രതിപക്ഷ പാർട്ടികള്‍ ഉള്‍പ്പെടുന്ന സംഘം രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയത്.  രാജ്യത്തെ നിലവിലെ അക്രമസംഭവങ്ങളിലുള്ള ആശങ്ക പ്രതിപക്ഷ പാർട്ടികളുടെ സംഘം രാഷ്ട്രപതിയെ അറിയിച്ചു. ജാമിയ മില്ലിയ ഉള്‍പ്പെടെയുള്ള സർവകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ദേശീയ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുകയാണ്. അതിനാല്‍ നിയമം പിന്‍വലിക്കാന്‍ സർക്കാരിന് നിര്‍ദേശം നല്‍കണമെന്ന് നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

നിലവിലത്തെ സാഹചര്യത്തില്‍ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ (എന്‍.ആര്‍.സി)  രാജ്യം മുഴുവന്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കണമെന്നും നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യം ഉന്നയിച്ചു. ഇന്ത്യയെ ഭിന്നിപ്പിക്കുന്ന രാജ്യത്തെ നിലവിലെ സാഹചര്യങ്ങളില്‍ ആശങ്ക അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സി.പി.എം, സി.പി.ഐ, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ജെ.എല്‍.ഡി, ആര്‍.ജെ.ഡി, എ.ഐ.യു.ഡി.എഫ്, ആര്‍.എസ്.പി, ജെ.കെ.എന്‍ തുടങ്ങിയ പാർട്ടി പ്രതിനിധികള്‍ ഒപ്പിട്ട നിവേദനവും രാഷ്ട്രപതിക്ക് കൈമാറി.

Sonia GandhiCAA
Comments (0)
Add Comment