കൊവിഡ്: കേന്ദ്ര നിലപാടുകള്‍ നിരാശാജനകം, പ്രതിസന്ധികാലത്തും വര്‍ഗീയതയും വിദ്വേഷവും കൊണ്ടുനടക്കുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി 22 പ്രതിപക്ഷ പാര്‍ട്ടികള്‍

Jaihind News Bureau
Friday, May 22, 2020

 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി 22 പ്രതിപക്ഷ പാര്‍ട്ടികള്‍. കൊവിഡുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ നിരാശയുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ലോക്ഡൗണിനു പിന്നാലെ സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രാമാര്‍ഗങ്ങളില്‍ സംഭവിച്ച ഗുരുതര വീഴ്ച രാജ്യത്തിന് നൊമ്പരമായിരിക്കുകയാണ്. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രം തീര്‍ത്തും പരാജയപ്പെട്ടു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നയവും നിലപാടും ഉള്‍ക്കാഴ്ചയില്ലായ്മയുടെ ശക്തമായ ഉദാഹരണമാണെന്നും യോഗം കുറ്റപ്പെടുത്തി. ദുരന്തകാലത്തും രാജ്യത്തിന്റെ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുന്ന നിലപാട് അത്യന്തം അപകടകരമാണ്. പ്രതിസന്ധികാലത്തും വര്‍ഗീയതയും വിദ്വേഷവും കൊണ്ട് നടക്കുകയാണ് സര്‍ക്കാരെന്നും യോഗം കുറ്റപ്പെടുത്തി.

21 ദിവസം കൊണ്ട് കൊവിഡ് പോരാട്ടം വിജയം കാണുമെന്ന പ്രധാനമന്ത്രിയുടെ വിശ്വാസം തെറ്റായിരുന്നെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പറഞ്ഞു. കൊവിഡ് പരിശോധനകൾ നടത്തുന്നതിലും പരിശോധന കിറ്റുകൾ എത്തിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.