പാർലമെന്‍റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാർ; ഗാന്ധി പ്രതിമയ്ക്ക് മുന്നിലും വിജയ് ചൗക്കിലും പ്രതിഷേധം

Jaihind Webdesk
Monday, March 27, 2023

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ പാർലമെന്‍റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.  കറുത്ത വസ്ത്രവും കറുത്ത മാസ്ക്കും അണിഞ്ഞാണ് കോൺഗ്രസ് എംപിമാർ പാർലമെന്‍റിൽ എത്തിയത്. കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നു ചേർന്നയുടൻ നിർത്തിവെക്കുകയായിരുന്നു.  ഒരു മിനിറ്റ് പോലും സഭ സമ്മേളിച്ചില്ല. സ്പീക്കറുടെ മുന്നിലെത്തി പ്ലക്കാർഡുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കറുപ്പണിഞ്ഞ് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലും പ്രതിഷേധം ഉയർത്തി. യൂത്ത് കോൺഗ്രസ് ഉടന്‍ പാർലമെന്‍റ് മാർച്ച് നടത്തും.

ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, സിപിഐ നേതാവ് ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എന്നിവർക്കുപുറമേ തൃണമൂൽ കോണ്‍ഗ്രസ് എംപിമാരും കറുത്ത വസ്ത്രമണിഞ്ഞെത്തി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവരും കറുപ്പണിഞ്ഞ് പ്രതിഷേധത്തിൽ പങ്കുചേർന്നു.