അഴിമതികൾക്കെതിരായ പരാതിയിൽ കേസ് എടുക്കണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് വീണ്ടും രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Wednesday, July 29, 2020

തിരുവനന്തപുരം : ബിവറേജസ് മൊബൈല്‍ ആപ്പിന്‍റെ കാര്യത്തിലും, പമ്പാ ത്രിവേണിയില്‍നിന്നുള്ള മണല്‍കടത്തിന്‍റെ കാര്യത്തിലും നടന്നിട്ടുള്ള അഴിമതിയെപ്പറ്റി താന്‍ നല്‍കിയ പരാതികളിന്മേല്‍ നടപടി സ്വീകരിക്കാത്തതു ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക്  വീണ്ടും കത്ത് നല്‍കി.

ബിവറേജസ് ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനത്തിനായുള്ള പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിന് ഫെയര്‍ കോഡ് എന്ന സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതിലെ ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പമ്പ ത്രിവേണിയില്‍നിന്നും മണല്‍ ചില സ്വകാര്യകമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കത്തെ സംബന്ധിച്ചും, മണല്‍ കടത്തിക്കൊണ്ട് പോയതുമൂലമുണ്ടായ സര്‍ക്കാരിന്‍റെ നഷ്ടത്തെക്കുറിച്ചും അക്കാര്യത്തില്‍ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും 28.5.2020 ലും, 6.6.2020 ലുമാണ് പരാതി നല്‍കിയിരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ വിജിലന്‍സ് വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചതായി വിവരം ലഭിച്ചിട്ടില്ല. അതിനാല്‍, സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അടിയന്തരമായി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം തെളിവുകളും രേഖകളും നഷ്ടപ്പെടാനിടയാക്കും എന്നും, ഇത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അടിയന്തരമായി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നടപടി എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍റെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് പ്രതിപക്ഷനേതാവ് വീണ്ടും കത്ത് നല്‍കിയത്