‘സ്ത്രീധന പീഡനക്കാരെ തുറന്നുകാട്ടണം, കൂടുതല്‍ കരുത്തരാകണം’ : പ്രതിപക്ഷ നേതാവ് വിസ്മയയുടെ വീട് സന്ദര്‍ശിച്ചു

Jaihind Webdesk
Friday, June 25, 2021

കൊല്ലം : ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത്മഹത്യയല്ല അവസാന വഴിയെന്ന് തിരിച്ചറിഞ്ഞ് പെൺകുട്ടികൾ കൂടുതൽ കരുത്തരാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സ്ത്രീധന പീഡനക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നിലമേലിൽ മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

ഇത്തരം പീഡനങ്ങളെ ധീരരായിട്ട് അതിജീവിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശക്തമായി പോരാടണം. സ്ത്രീ ദുര്‍ബലയല്ല, ഒരു പെണ്‍കുട്ടിയും ദുര്‍ബലയാകരുത്. നിങ്ങളാര്‍ക്കും ഒരു ഭാരമല്ല. പ്രശ്നങ്ങളെ അതിജീവിക്കാനും സ്ത്രീധന പീഡനക്കാരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാനും തയാറാകണം. ഇത്തരത്തില്‍ നാല് പേര്‍ മുന്നോട്ടുവന്നാല്‍ ഒരു കുട്ടിക്കും ഇനി ദൌര്‍ഭാഗ്യം ഉണ്ടാവില്ല. പൊതുസമൂഹവും ഇത്തരത്തില്‍ തീരുമാനിക്കണം. ഇനി ഒരു വിസ്മയ പോലും ഉണ്ടാകരുത്. ഇതിനായുള്ള ശ്രമങ്ങള്‍ എല്ലാ പൊതുപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും സാമൂഹ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.

രാവിലെ 7.30 ഓടെയാണ് പ്രതിപക്ഷ നേതാവ് വിസ്മയയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളും സഹോദരനും തങ്ങളുടെ മകൾക്ക് നേരിട്ട ദുരനുഭവങ്ങൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ, ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം വിസ്മയയുടെ വീട്ടിലെത്തിയിരുന്നു.