ചിരിയല്ല വേണ്ടത്, മറുപടി ! ഹ..ഹ എന്ന് പറഞ്ഞാൽ പോരാ, ചോദ്യങ്ങൾക്ക് മറുപടി വേണം, വീണിടത്ത് കിടന്ന് ഉരുളരുതെന്ന് വി.ഡി സതീശൻ

 

പാലക്കാട്: ദേവകുമാറിന്‍റെ മകൻ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്‍റർവ്യൂ കൊടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അങ്ങനെയെങ്കിൽ പിആർഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്നും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനോടുള്ള പ്രതികരണമായി വി.ഡി.സതീശൻ പറഞ്ഞു. കൈസണും റിലയൻസുമായി ബന്ധമുള്ള ചെറുപ്പക്കാരൻ വഴിയാണോ മുഖ്യമന്ത്രി ഇന്‍റർവ്യൂ കൊടുക്കേണ്ടതെന്ന് ചോദിച്ച സതീശൻ മുഖ്യമന്ത്രി ഇന്‍റർവ്യൂ കൊടുക്കുമ്പോൾ പുറത്തുനിന്ന് ആരെങ്കിലും കയറിവരുമോയെന്നും ചോദിച്ചു.

ദ ഹിന്ദുവിൽ വന്ന അഭിമുഖത്തെക്കുറിച്ച് പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പറയാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത പത്രത്തിനെതിരെ മുഖ്യമന്ത്രി കേസ് കൊടുക്കുമോ അത്രയും ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രി തന്നെ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കുന്ന ഒരു കാര്യം എഴുതിപ്പിടിപ്പിച്ച ഹിന്ദുവിനെതിരെയും കൈസൺ എന്ന ഏജൻസിക്കെതിരായും കേസെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രി വീണിടത്തുകിടന്നുരുളുകയാണ്. ഗീബൽസിനെപ്പോലെ നുണപറയുകയാണ് അദ്ദേഹം. ആയിരംവട്ടം നുണപറഞ്ഞാൽ സത്യമാവുമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. ആരെയാണ് അദ്ദേഹം പരിഹസിക്കുന്നതെന്നും വി.ഡി.സതീശൻ ചോദിച്ചു.

‘വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് ചിരിക്കുകയല്ല വേണ്ടത്, മറുപടി പറയണം. സെപ്റ്റംബർ 13-ന് വേറൊരു പി.ആർ ഏജൻസി ഡൽഹിയിലെ മാധ്യമങ്ങൾക്ക് മുഴുവൻ ഒരു വാർത്ത കൊടുക്കുന്നു. ആ വാർത്തയിൽ കഴിഞ്ഞ അഞ്ചുകൊല്ലമായി മലപ്പുറം ജില്ലയിൽ നടത്തുന്ന സ്വർണക്കള്ളക്കടത്തിന്‍റെയും ഹവാലയുടേയും വിവരങ്ങളാണ്. 21-ാം തീയതി മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നു, അതിൽ മൂന്നുകൊല്ലത്തെ കണക്കുകൾ പറയുന്നു. മലപ്പുറമെന്ന് പറയുന്നില്ല. വീണ്ടും ഇപ്പോൾ 29-ാം തീയതി ഹിന്ദുവിന് കൊടുത്ത ഇന്‍റര്‍വ്യൂവിൽ അതിലും സ്വർണത്തിന്‍റെ അതേ കണക്ക്. എന്നിട്ട് മലപ്പുറത്തിന്‍റെ കാര്യം രണ്ടാമത് എഴുതിക്കൊടുക്കുന്നു. ഇതെല്ലാം ഒരു സ്ഥലത്ത് തയ്യാറാക്കിയതാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.

സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാൻ വേണ്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റാണത്. മലയാളികളെ ഇങ്ങനെ വിഡ്ഢികളാക്കരുത്. ഇത്തരം നുണകൾ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ചുറ്റും നിൽക്കുന്നവരോട് പറഞ്ഞാൽ മതിയെന്നും വി.ഡി.സതീശൻ തുറന്നടിച്ചു.

 

Comments (0)
Add Comment