കാസര്‍കോട് ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; കോണ്‍ഗ്രസുകാരുടെ രക്തം കുടിക്കാന്‍ മാത്രമാണ് 1000 ദിവസം കൊണ്ട് ഇടതുമുന്നണിക്കായത്

Jaihind Webdesk
Tuesday, February 19, 2019

തിരുവനന്തപുരം: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം സി.പി.എം നേതൃത്യം ആലോചിച്ച് തയ്യാറാക്കിയ ഗൂഢാലോചനയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണം. ഇന്ന് വരെ സിപിഎം നടത്തിയ കൊലപാതകങ്ങളുടെ പിതൃത്യം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.ടിപി വധം ഇതിനുദാഹരണമാണ്. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുക എന്ന സി.പി.എം ശൈലി നടപ്പിലാക്കപ്പെട്ടത്. സി.പി.എം നേതാക്കളാണ് കൊലപാതകത്തിന് പിന്നില്‍. പാര്‍ട്ടി കോടതി വിധി നടപ്പിലാക്കുകയാണ്. മുഖ്യമന്ത്രി കൊലപാതകങ്ങളെ നിസ്സാരവത്കരിക്കുകയാണ്. ഈ കൊലപാതകം എങ്ങനെ സിപിഎമ്മിന് ന്യായീകരിക്കാനാവും – രമേശ് ചെന്നിത്തല ചോദിച്ചു.
പാര്‍ട്ടി അറിഞ്ഞ് നടത്തിയ കൊലപാതകങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കണം. ലോക്കല്‍ നേതാവിനെ പുറത്താക്കി കൊലപാതകത്തില്‍ നിന്നും സി പി എമ്മിന് ഒഴിഞ്ഞുമാറാനാകില്ല. ചോരക്കള്ളി സിപിഎം അവസാനിപ്പിക്കണം. നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
എട്ട് മാസമായി കണ്ണൂര്‍ റേഞ്ചില്‍ എഡിജിപിയെ നിയമിച്ചിട്ടില്ല. കേരളത്തെ കൊലക്കത്തിക്ക് എറിഞ്ഞ് കൊടുക്കുന്ന സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സാധിക്കാത്ത കഴിവ് കെട്ട മുഖ്യമന്ത്രിയാണ് പിണറായി. കേരള ജനതയെ കണ്ണുനീര്‍ കുടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രി ഇല്ല. ഡ്യുപ്ലിക്കേറ്റ് പ്രതികളെ കിട്ടാത്തത് കൊണ്ടാണ് അറസ്റ്റ് വൈകുന്നത്. ടി.പിയെയും ഷുഹൈബിനേയും കൊന്നവരാണൊ ജനകീയ പ്രതിരോധം തീര്‍ക്കുന്നത്.
കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇടത് മുന്നണി പ്രഖ്യാപിച്ച് പൂര്‍ത്തീകരിച്ച ഏതെങ്കിലും ഒരു പദ്ധതിയെങ്കിലും മുഖ്യമന്ത്രിക്ക് പറയാനില്ല.
കോടീശ്വരന്മാരായി ബന്ധം തുടങ്ങിയതോടെ മുഖ്യമന്ത്രി കമ്മ്യൂണിസം പോലും മറന്നു.
സങ്കല്‍പ്പത്തിലുള്ള പദ്ധതികളാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. പൂര്‍ണമായും ഭരണസ്തംഭനമാണ് കേരളത്തില്‍. സ്വേഛ്വാപതിയെ പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തം കുടിക്കാന്‍ മാത്രമാണ് 1000 ദിവസം കൊണ്ട് ഇടത് മുന്നണിക്ക് സാധിച്ചത് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.