പിആർ ഏജന്‍സികള്‍ ഗീബല്‍സിന്‍റെ ആധുനിക രൂപമെന്ന് പ്രതിപക്ഷ നേതാവ്; സംസ്‌കാര സാഹിതിയുടെ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

 

തിരുവനന്തപുരം: ഗീബൽസിന്‍റെ ആധുനിക രൂപമാണ് പി.ആർ ഏജൻസികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്‌കാര സാഹിതി സംസ്ഥാന പഠന ക്യാമ്പായ വിചാരസദസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാര സാഹിതിയുടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന പഠന ക്യാമ്പിനാണ് തിരുവനന്തപുരത്ത് തുടക്കമായത്.

‘ഒരേ നുണ നൂറുവട്ടം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമായി മാറും’ എന്ന ഗീബൽസിയൻ തന്ത്രത്തിന്‍റെ ആധുനിക രൂപമാണ് പി.ആർ ഏജൻസികളെന്നും തിരുവനന്തപുരത്തും ഡൽഹിയിലും ലോകത്തിന്‍റെ നാനാഭാഗത്തും ഏകാധിപതികൾ ഇതിനെ ഉപയോഗിക്കുകയാണെന്നും വിചാരസദസ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സംസ്‌കാര സാഹിതിയുടെ പ്രഥമ ടാഗോര്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവ് കഥാകൃത്ത് ടി പത്മനാഭന്
സമ്മാനിച്ചു. ഡൽഹിയിലും തിരുവനന്തപുരത്തും ഇന്ന് ഭയത്തിന്‍റെ കാഴ്ചകളാണ് ഉള്ളതെന്ന്പുരസ്കാരം ഏറ്റുവാങ്ങിയ ടി പത്മനാഭൻ പറഞ്ഞു. സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യുഡിഎഫ് കൺവീനർ എം.എം ഹസൻ മുഖ്യപ്രഭാഷണം നടത്തി.

വിവിധ വിഷയങ്ങളിലുള്ള ചർച്ചാ ക്ലാസുകളും സെമിനാറുകളും ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. ശശി തരൂർ എംപി, എം.എൻ കാരശേരി, കൽപറ്റ നാരായണൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ ക്യാമ്പിൽ അവതരിപ്പിക്കും. നാളെ വൈകുന്നേരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Comments (0)
Add Comment