രാഷ്ട്രീയ, സാമൂഹിക സംഗമവേദിയായി രമേശ് ചെന്നിത്തലയുടെ ഇഫ്താര്‍ വിരുന്ന്

Jaihind Webdesk
Monday, May 27, 2019

തിരുവനന്തപുരം: കേരള ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ സൗഹൃദ സംഗമമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇഫ്താര്‍ വിരുന്ന്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ രംഗത്ത് നിന്നുള്ള പ്രമുഖര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. നിയമസഭ ഹാളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് വിവിധ ചേരിയിലുള്ളവരുടെ സംഗമ ഭൂമിയായി മാറി.

പരസ്പരം പോരടിച്ചു തിരഞ്ഞെടുപ്പ് ഗോദയില്‍ ആശയ യുദ്ധം നടത്തിയവര്‍ ഹസ്തദാനം ചെയ്തും കുശലം പറഞ്ഞും ഇഫ്താറിന്റെ പുണ്യം പങ്കിട്ടു. പുണ്യ റംസാനിലെ മഗ്രിബ് ബാങ്ക് വിളിച്ചതോടെ ഇഫ്താര്‍ ചടങ്ങുകള്‍ ആരംഭിച്ചു. മെയ് 23ന് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിവിധ രാഷ്ട്രീയ രംഗത്തുള്ളവര്‍ ഒന്നിച്ച ആദ്യ വിരുന്നായിരുന്നു ഇത്. എന്നാല്‍ സാധാരണ പ്രവര്‍ത്തകരെയും ഇഫ്താറിന് ക്ഷണിക്കാന്‍ പ്രതിപക്ഷ നേതാവ് മറന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരമായവരെ സെല്‍ഫി എടുക്കാനും പ്രവര്‍ത്തകരുടെ തിരക്കായിരുന്നു. ഇതര രാഷ്ട്രീയ മത സാംസ്‌കാരിക മേഖലയിലെ വ്യക്തിത്വങ്ങള്‍ വിരുന്ന് ശാലയെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മള വേദിയാക്കി. ഭരണ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും പുറമെ മത നേതാക്കളും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.