പ്രതിപക്ഷം നല്‍കിയ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയില്ല ; മോദിയുടെ രീതി കേരളത്തില്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, October 28, 2021

തിരുവനന്തപുരം: പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദി മന്ത്രിസഭ ബില്ലുകള്‍ പാസാക്കുന്ന രീതിയില്‍ കേരളത്തിലും ഏകപക്ഷീയമായി ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വകലാശാല (ഭേദഗതി) ബില്ലിന്‍റെ വിവിധ വകുപ്പുകളില്‍ പ്രതിപക്ഷ നിരയില്‍ നിന്നുള്ള സാമാജികര്‍ നല്‍കിയ അറുനൂറിലധികം ഭേദഗതികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി സാമാജികര്‍ നല്‍കിയ ഭേദഗതി നോട്ടീസുകള്‍ നിയമസഭാ സെക്രട്ടേറിയറ്റ് മാറ്റിവയ്ക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഭേഗതികള്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ ബില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സര്‍വകലാശാലയുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളുടെയും ചര്‍ച്ച ബഹിഷ്‌ക്കരിച്ചു.

നിയമസഭാ സെക്രട്ടേറിയറ്റ് പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണ്. അറുനൂറിലധികം നിയമഭേദഗതികള്‍ മാറ്റിവച്ച് എന്തു നിയമനിര്‍മ്മാണമാണ് ഇവിടെ നടത്തുന്നത്. സമയം വൈകി നല്‍കിയ ഭേദഗതികള്‍ സ്വീകരിച്ച ചരിത്രമാണ് നിയമസഭയ്ക്കുള്ളത്. പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ ഭേദഗതികള്‍ കൂടി പരിഗണിച്ചാല്‍ നിയമനിര്‍മ്മാണ നടപടിക്രമങ്ങളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

2021 ഒക്ടോബര്‍ മാസം 7-ാം തീയതി ബില്‍ സംബന്ധിച്ച സബ്ജ്ക്ട് കമ്മിറ്റി യോഗം ചേരുകയും റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തിരുന്നു. 2021 ഒക്ടോബര്‍ 20 ന് പ്രസ്തുത റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച സാമാജികര്‍ക്ക് ബില്ലിലെ വ്യവസ്ഥകള്‍ പഠിച്ച് ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള ജാഗ്രതയോടെയുള്ള സമീപനം നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ആയതിനാലാണ് റിപ്പോര്‍ട്ട് ഒക്ടോബര്‍ 25 ന് സമര്‍പ്പിക്കേണ്ടി വന്നത്. ഒക്ടോബര്‍ 26 ന് 12 മണിക്ക് മുമ്പായി ഭേദഗതി നോട്ടീസുകള്‍ നല്‍കണമെന്ന് ബുള്ളറ്റിന്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഒക്ടോബര്‍ 25 ലെ സഭാസമ്മേളനത്തിന് ശേഷം അടുത്തദിവസം രാവിലെ 9 മണിക്ക് വീണ്ടും സഭ സമ്മേളിക്കുന്ന സാഹചര്യത്തില്‍ ഇത്രയും പ്രാധാന്യമുള്ള ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിച്ച് ഭേദഗതി നിര്‍ദ്ദേശിക്കുവാന്‍ സാമാജികര്‍ക്ക് എത്ര സമയം ലഭിച്ചുവെന്നത് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ഈ കാര്യത്തിലുള്ള ആശങ്ക സാമാജികര്‍ സഭയില്‍ ഉന്നയിച്ചപ്പോള്‍ 2 മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനാണ് ചെയര്‍ നിര്‍ദ്ദേശിച്ചത്.

സഭാ സമ്മേളന സമയത്ത് തന്നെയാണ് പ്രസ്തുത രണ്ട് മണിക്കൂര്‍ സമയം അധികം നല്‍കുന്നത് എന്നതിനാലും, മുന്‍കാലങ്ങളില്‍ ഇപ്രകാരമുള്ള സന്ദര്‍ഭങ്ങലില്‍ എല്ലാം തന്നെ സാമാജികരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സമയപരിധിക്കുശേഷം ലഭിക്കുന്ന ഭേദഗതികള്‍ക്കും നിയമസഭാ സെക്രട്ടേറിയറ്റ് പ്രോസസ് ചെയ്ത് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണ പ്രക്രിയ സമഗ്രമായി നടത്തുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഈ ബില്ലിന്റെ കാര്യത്തില്‍ ഭേദഗതി സ്വീകരിച്ചതിനു ശേഷം ചട്ടപ്രകാരമുള്ള ഒരു പൂര്‍ണ്ണ ദിവസം പ്രോസസ് ചെയ്യുന്നതിന് ലഭിച്ചിട്ടും അഞ്ഞൂറില്‍ അധികം ഭേദഗതികള്‍ യാതൊരു അറിയിപ്പും നല്‍കാതെ ഏകപക്ഷീയമായി ഒഴിവാക്കുന്ന പ്രതിഷേധാര്‍ഹമായ നടപടിയാണ് ഉണ്ടായത്.

ബില്ലുകളുടെ വകുപ്പുതിരിച്ചുള്ള ഭേദഗതികള്‍ ബില്‍ പരിഗണിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം 3 മണിവരെ നല്‍കാമെന്ന ഡയറക്ഷന്‍ 10 ലെ വ്യവസ്ഥയാണ് 1986 മുതല്‍ 2010 വരെ സഭ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഒരു പൂര്‍ണ്ണദിവസം മുമ്പ് ഭേദഗതി നോട്ടീസ് നല്‍കണമെന്ന ചട്ടം 81ലെ വ്യവസ്ഥയ്ക്ക് അനുസൃതമായി മേല്‍പറഞ്ഞ ഡയറക്ഷനിലെ വ്യവസ്ഥ 2010 ല്‍ ഒഴിവാക്കിയിരുന്നു. വകുപ്പുതിരിച്ചുള്ള ഭേദഗതി നല്‍കുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ച് മറ്റൊരു ഡയറക്ഷന്‍ പുറപ്പെടുവിച്ചില്ലെങ്കിലും ഒരു പൂര്‍ണ്ണ ദിവസം മുമ്പ് വൈകുന്നേരം 3 മണി എന്ന സമയക്രമം തന്നെയാണ് നിയമസഭാ സെക്രട്ടേറിയറ്റ് തുടര്‍ന്നും പിന്തുടര്‍ന്നിരുന്നത്.

ഇന്ന് സഭ പരിഗണിക്കുന്ന സര്‍വ്വകലാശാല ബില്ലിന്റെ കാര്യത്തില്‍ ഉണ്ടായതുപോലെ റിപ്പോര്‍ട്ട് വെച്ച രണ്ട് ദിവസത്തിനുള്ളില്‍ ബില്‍ പരിഗണിക്കുമ്പോള്‍ ഒരു പൂര്‍ണ്ണ ദിവസം മുമ്പ് ഭേദഗതി നല്‍കണമെന്ന ചട്ടം ഇളവ് ചെയ്തുകൊണ്ട് തലേദിവസം വൈകുന്നേരം 3 മണിവരെ ഭേദഗതി സ്വീകരിക്കുമെന്ന് ബുള്ളറ്റിന്‍ നല്‍കുകയും അംഗങ്ങളുടെ ആവശ്യപ്രകാരം സമയപരിധിയില്‍ 3 മണിക്കൂര്‍ വരെ ഇളവ് അനുവദിക്കുകയുമാണ് സാധാരണ ചെയ്തുവന്നിരുന്നത്. എന്നാല്‍, ഈ ബില്ലിന്റെ കാര്യത്തില്‍ സാമാജികര്‍ക്ക് ബില്ല് പഠിക്കുന്നതിനായി ചട്ടം വേവ് ചെയ്യുവാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല 3 മണി എന്നതിന് പകരം 12 മണിവരെ മാത്രം സമയം അനുവദിച്ച് ബുള്ളറ്റിന്‍ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഈ രീതിയില്‍ ബില്‍ പഠിക്കാനുള്ള അവസരം പരിമിതപ്പെടുത്തിയിട്ടും താല്പര്യത്തോടെ സമയം കണ്ടെത്തി ബില്‍ പഠിച്ച് സാമാജികര്‍ നല്‍കിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഒരു അറിയിപ്പുപോലും നല്‍കാതെ പ്രോസസ് ചെയ്യാതെ മാറ്റിവയ്ക്കുന്ന സമീപനമാണ് നിയമസഭ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.