മേയറും മുഖ്യമന്ത്രിയും അഴിമതിയുടെ കാര്യത്തില്‍ ഒരു പോലെ; തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതികളില്‍ സമരം ശക്തമാക്കി പ്രതിപക്ഷം

Jaihind News Bureau
Friday, September 11, 2020

 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതികളില്‍ സമരം ശക്തമാക്കി പ്രതിപക്ഷം.  ഇടത് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള   അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ മേയറുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

മാലിന്യ സംസ്‌കരണ പദ്ധതി മുതല്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ വീഴ്ചയും സാമൂഹിക അടുക്കളയുടെ പേരില്‍ നടന്ന വെട്ടിപ്പും വരെ  നിരവധി ആരോപണങ്ങളാണ് നിലവിലെ ഭരണസമിതി നേരിടുന്നത്. ഇതിനൊപ്പം അഴിമതിക്ക് കൂട്ടു നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പ്രതികാര നടപടികളും ചര്‍ച്ചയാകുകയാണ്. നിലവിലെ സെക്രട്ടറി തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തലവേദനയാകുമെന്നാണ് ഭരണപക്ഷത്തിന്‍റെ ആശങ്ക. ഇതിനെതുടര്‍ന്ന് സെക്രട്ടറിയെ മാറ്റാനുള്ള നീക്കങ്ങളും തിരക്കിട്ട് നടക്കുകയാണ്.

കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ചേരുന്ന മേയറാണ് നിലവിലുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പേരും അഴിമതിയുടെ കാര്യത്തില്‍ ഒരു പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. കോര്‍പ്പേറഷനില്‍ താഴെത്തട്ട് മുതല്‍ മുകള്‍ തട്ട് വരെ അഴിമതിയാണെന്ന് വി.എസ് ശിവകുമാര്‍ എംഎല്‍എ ആരോപിച്ചു. കോര്‍പ്പറേഷന്‍ ഭരണം സ്തംഭനാവസ്ഥയില്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

https://www.facebook.com/JaihindNewsChannel/videos/815752395832381