സപ്ലൈകോയ്ക്ക് സർക്കാർ ദയാവധം ഒരുക്കുകയാണ്; കേരളത്തിൽ വിലയില്ലാത്തത് മുഖ്യമന്ത്രിയ്ക്കു മാത്രമാണെന്ന് ഷാഫി പറമ്പില്‍, സഭയില്‍ നിന്ന് ഇന്നും പ്രതിപക്ഷ വാക്കൗട്ട്‌

തിരുവനന്തപുരം: കുത്തക കമ്പനികൾക്ക് വഴിയൊരുക്കുവാന്‍ സപ്ലൈകോയ്ക്ക് സർക്കാർ ദയാവധം ഒരുക്കുകയാണെന്ന് പ്രതിപക്ഷം. അവശ്യസാധനങ്ങൾ ലഭ്യമാക്കി വിലക്കയറ്റം പിടിച്ചുനിർത്തേണ്ട സപ്ലൈകോ പ്രതിസന്ധിയിൽ ആടി ഉലയുമ്പോഴും  സംരക്ഷിക്കാതെ സർക്കാർ കാട്ടുന്ന കെടുകാര്യസ്ഥതക്കെതിരെയുള്ള ശക്തമായ പ്രതിഷേധം അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുമ്പോഴും വിപണിയിൽ ഇടപെടൽ നടത്താനാകാതെ നോക്കുകുത്തിയാകുന്ന സപ്ലൈകോയുടെ പരിതാപകരമായ അവസ്ഥകൾ തുറന്നുകാട്ടിയാണ് ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സപ്ലൈകോയോട് സർക്കാർ കാട്ടുന്ന അവഗണന സിപിഐ സംസ്ഥാന സമിതി യോഗത്തിൽ പോലും വിമർശനം ഉയർത്തിയ സാഹചര്യങ്ങൾ നിരത്തിയാണ് ഷാഫി പറമ്പിൽ സർക്കാരിനെ കടന്നാക്രമിച്ചത്. കേരളത്തിൽ വിലയില്ലാത്തത് മുഖ്യമന്ത്രിയ്ക്കു മാത്രമാണെന്നും മറ്റെല്ലാത്തിനും വില വർധനയാണെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

കുത്തക കമ്പനികൾക്ക് വഴിയൊരുക്കുവാന്‍ സപ്ലൈകോയ്ക്ക് സർക്കാർ ദയാവധം ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സപ്ലൈകോയ്ക്ക് പൊതു വിപണിയിൽ ഇടപെടൽ നടത്തുവാൻ കഴിയുന്നില്ലെന്നും സപ്ലൈകോയെ പൂട്ടിക്കുവാൻ സർക്കാർ ആഗ്രഹിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ഭക്ഷ്യമന്ത്രിയുടെയും വകുപ്പിന്‍റെയും കൈകൾ സർക്കാർ കെട്ടിയിരിക്കുകയാണെന്നദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസ്സപ്പെടുത്തുവാൻ ഇന്നും സഭയിൽ ഭരണപക്ഷം ശ്രമം നടത്തി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Comments (0)
Add Comment