തിരൂർ മലയാളം സർവകലാശാലയുടെ സ്ഥലമേറ്റെടുപ്പിലെ അഴിമതി : ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, June 27, 2019

തിരൂർ മലയാളം സർവകലാശാലയുടെ സ്ഥലമേറ്റെടുപ്പിലെ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണെന്ന് സർക്കാർ വാദിക്കുമ്പോൾ സെന്‍റിന് പതിനായിരം രൂപ അടിസ്ഥാന വിലയുള്ളുവെന്നും പ്രതിപക്ഷം ആരോപിച്ചു.

മലയാളം സർവകലാശാലയുടെ സ്ഥലമേറ്റെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച് സി.മമ്മൂട്ടിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് സ്പീക്കർ തള്ളിയതിന് പിന്നാലെയാണ് ധനാഭ്യർത്ഥന ചർച്ചയിൽ വിഷയം വീണ്ടും ഉന്നയിച്ചത്. മലയാളം സർവകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ അഴിമതിയുണ്ടെന്ന ആരോപണം പ്രതിപക്ഷം സ്പീക്കർക്ക് എഴുതി നൽകിയിരുന്നു. സെന്‍റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണെന്ന് സർക്കാർ വാദിക്കുമ്പോൾ സെന്‍റിന് പതിനായിരം രൂപ അടിസ്ഥാന വിലയുള്ളുവെന്ന് സി.മമ്മുട്ടി ആരോപിച്ചു.

കളവ് സത്യമാണെന്ന് സ്ഥാപിക്കാനാണ് സി.മമ്മൂട്ടി ശ്രമിച്ചത്. വിഷയത്തിൽ യാതൊരു അഴിമതിയും ഉണ്ടായിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഇടപാട് നടത്തിയതെന്നും കെ.ടി ജലീൽ മറുപടി നൽകി.

എന്നാൽ സർക്കാർ വാങ്ങുന്ന ഭൂമിയിൽ ചതുപ്പ് പ്രദേശമാണ് കൂടുതൽ. റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.



[yop_poll id=2]