ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വി.വി പാറ്റ് സ്ലിപ്പുകൾ വോട്ടിംഗ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെ 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. 50 ശതമാനം സ്ലിപ്പുകൾ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഈ മാസം എട്ടിന് സുപ്രീം കോടതി തള്ളിയിരുന്നു. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം.
50 ശതമാനം വോട്ടുകളും വി.വി പാറ്റ് മെഷീനുമായി ഒത്തുനോക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ പലയിടത്തും വി.വി പാറ്റ് യന്ത്രങ്ങളിൽ ഏഴ് സെക്കൻഡിന് പകരം മൂന്ന് സെക്കൻഡ് മാത്രമേ ഡിസ്പ്ലേ ഉണ്ടായിരുന്നുള്ളു. മൂന്ന് സെക്കൻഡ് മാത്രമാണ് മെഷീനിൽ സ്ലിപ് നിൽക്കുന്നതെങ്കിൽ വോട്ടർക്ക് അത് നോക്കി ഉറപ്പുവരുത്തുക പ്രയാസമാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ കാത്തിരിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.
പകുതി സ്ലിപ്പുകൾ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ സ്ലിപ്പുകൾ എണ്ണണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാമെന്ന കമ്മീഷൻ നിലപാട് തള്ളിയായിരുന്നു നിർദേശം. എന്നാൽ തെരഞ്ഞെടുപ്പിന്‍റെ സുതാര്യതയ്ക്ക് ഇതുപോരെന്നും പകുതിയെങ്കിലും സ്ലിപ്പുകൾ എണ്ണണമെന്നുമാണ് 21 രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം.