സ്പീക്കർക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. നിയമസഭയിൽ ഏകപക്ഷീയമായി സ്പീക്കർ നിലപാടെടുക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ആരുടേയും രാഷ്ട്രീയ ചട്ടുകമാകാൻ കഴിയില്ലെന് സ്പീക്കർ മറുപടി നൽകി.
കിഫ്ബി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ രംഗത്തെത്തിയത്. ചോദ്യോത്തര വേളയിൽ ഉന്നയിച്ച പല വിഷയങ്ങളും മുൻപ് പല തവണ അടിയന്തര പ്രമേയമായി സഭ ചർച്ച ചെയ്തിട്ടുണ്ട്. സ്പീക്കർ ജനാധ്യപത്യവിരുദ്ധ നിലപാടാണ് സഭയിൽ സ്വീകരിക്കുന്നതെന്നും സർക്കാരിന് വേണ്ടി പ്രവർത്തിക്കുകയാണ് സ്പീക്കറെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്‍റേതാണ് സഭയെന്ന ബോധ്യത്തോടെയാണ് നിലനിൽക്കുന്നതെന്നും സ്പീക്കർ മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ ജനാധിപത്യവിരുദ്ധമാണെന്ന് കരുതുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം കിഫ്ബിയും കിയാലും സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ധനമന്ത്രിയും വ്യക്തമാക്കി.