കൊവിഡിന്‍റെ മറവിലെ വന്‍കൊള്ള പുറത്തു കൊണ്ടു വരാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു; മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, April 25, 2020

കൊവിഡിന്‍റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് മറിച്ച് നല്‍കി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തി വന്ന വന്‍കൊള്ള വെളിച്ചത്ത് കൊണ്ടു വരാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മാര്‍ച്ച് പത്തിന് താന്‍ ഈ വിവരം പുറത്തു കൊണ്ടു വന്നിരുന്നില്ലെങ്കില്‍ കോടികളുടെ ഈ കൊള്ള നിര്‍ബാധം നടക്കുമായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി വിറ്റ് കാശാക്കുമായിരുന്നു. ഈ വിവരം പുറത്തു വന്നപ്പോള്‍ പച്ചക്കള്ളമെന്നും നുണയും കുരുട്ടു ബുദ്ധിയുമെന്നൊക്കെ  പറഞ്ഞു തള്ളിക്കളഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലായി വരാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ് അപഹസിക്കാനും തയ്യാറായി. പക്ഷേ ഹൈക്കോടതി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുകയും കൊള്ള തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധി. എന്നിട്ടും തങ്ങള്‍ക്കാണ് വിജയമെന്ന മട്ടില്‍ പ്രതികരിച്ച മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ് ചെയ്യുന്നത്.

ഡാറ്റാ ശേഖരണത്തില്‍ ഹൈക്കോടതി  കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്‍റെ അര്‍ത്ഥം തന്നെ സര്‍ക്കാരിന്‍റെ നിലപാടുകളെല്ലാം കോടതി തള്ളി എന്നാണ്. ഡാറ്റകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം, പൗരന്‍റെ സമ്മതപത്രം വാങ്ങിയ ശേഷം മാത്രമേ ഡാറ്റ ശേഖരിക്കാവൂ,  ആരുടെ ഡാറ്റാ എന്നത് സംബന്ധിച്ച ടെലിഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള  സൂചനകളെല്ലാം ഒഴിവാക്കണം, മറ്റാര്‍ക്കും വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ കൈമാറരുത്, സര്‍ക്കാരിന്‍റെ മുദ്ര സ്പ്രിങ്ക്ളര്‍ ഉപയോഗിക്കരുത്, പരസ്യത്തിനായി കൈവശമുള്ള വിവരങ്ങള്‍ ഉപയോഗിക്കരുത് തുടങ്ങിയ കോടതിയുടെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളെല്ലാം പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ളവയാണ്. പ്രതിപക്ഷത്തിന്‍റെ ആശങ്കകള്‍ക്ക് പരിഹാരം നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവ് സര്‍ക്കാരിന് അനുകൂലമാണെന്ന് പ്രചരിപ്പിക്കുന്നവരുടെ തൊലിക്കട്ടി സമ്മതിച്ചു കൊടുക്കണം.
കേരളത്തില്‍ കൊവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞത് സ്പ്രിങ്ക്ളര്‍ കാരണമാണെന്ന സിപിഎമ്മിന്‍റെ പ്രചാരണം സംസ്ഥാനത്തെ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമാണ്.

കൊവിഡ് വ്യാപനം കേരളത്തില്‍ പിടിച്ചു നിര്‍ത്താനായത് ദശാബ്ദങ്ങളിലൂടെ സംസ്ഥാനം ആരോഗ്യ രംഗത്ത് നേടിയെടുത്ത കരുത്തിന്‍റെയും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച സംസ്ഥാനത്തെ ജനങ്ങളുടെ ത്യാഗമനോഭാവത്തിന്‍റെയും ഫലമാണ്. കേരളീയരുടെ ആ നേട്ടത്തിന്‍റെ  ക്രെഡിറ്റ് ഒരു അമേരിക്കന്‍ കമ്പനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ചാര്‍ത്തിക്കൊടുക്കുന്നത് പരിഹാസ്യമാണ്. സ്പ്രിങ്ക്ളര്‍ ഇതുവരെ എന്തു സംഭാവനയാണ് കൊവിഡ് പ്രതിരോധത്തിന് നല്‍കിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം.

വ്യക്തിവിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സിപിഎം ഇത് വരെ പറഞ്ഞതെല്ലാം തെറ്റായിപ്പോയെന്ന് അവര്‍ തുറന്ന് സമ്മതിക്കണം. മുതലാളിത്ത രാജ്യങ്ങളിലെ നിയമങ്ങളാണ് ശക്തമെന്നും നല്ലതെന്നും സിപിഎം പരസ്യമായി ഏറ്റുപറയണം.

നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഇത്തരം ഡാറ്റാ വിശകലനത്തിന് എല്ലാ സൗകര്യവും ഉണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇനിയെങ്കിലും അമേരിക്കന്‍ കമ്പനിയെ ആശ്രയിക്കാതെ ഇവിടെ അത് ചെയ്യാനുള്ള വിവേകം സര്‍ക്കാര്‍ പ്രകടിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.