സര്‍ക്കാരിന് സ്ത്രീവിരുദ്ധ നയമെന്ന് പ്രതിപക്ഷം: സില്‍വർലൈന്‍ സമരം യുഡിഎഫ് ശക്തമാക്കും; നേതാക്കള്‍ മാടപ്പള്ളിയിലേക്ക്

Jaihind Webdesk
Friday, March 18, 2022

തിരുവനന്തപുരം : ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലീടിലിനെതിരെ സമരം ചെയ്തവര്‍ക്കെതിരായ പോലീസ് നരനായാട്ടില്‍  അതിശക്തമായ പ്രതിഷേധമുയർത്തി പ്രതിപക്ഷം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ വേട്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈനിനെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നേതാക്കള്‍ പോലീസ് നരനാട്ട് നടത്തിയ മാടപ്പള്ളിയിലേക്ക് തിരിച്ചു.

ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും പോലും ക്രൂരമായി ആക്രമിച്ചു. സർക്കാരിന് സ്ത്രീ വിരുദ്ധ സമീപനമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലോ കോളേജില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച എസ്എഫ്ഐ ഗുണ്ടകൾ സുഖവാസത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടി കൊണ്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. ജനകീയ സമരങ്ങളെ തച്ചുതകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ പോലീസിനെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.