കശുവണ്ടി മേഖലയില്‍ അഴിമതിയും പ്രതിസന്ധിയും: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Jaihind News Bureau
Thursday, June 20, 2019

തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. കശുവണ്ടി ഇറക്കുമതിയില്‍ വ്യാപക അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. കശുവണ്ടി മേഖലയിലെ മൂന്ന് ലക്ഷം തൊഴിലാളികള്‍ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മൂന്ന് പേര്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ ഫല പ്രദമായ യാതൊരു നടപടിയും സ്വീകരിച്ചില്ല.

കശുവണ്ടി തൊഴിലാളികളുമായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിദേശത്ത് നിന്നും തോട്ടണ്ടി വാങ്ങിയത്തില്‍ കോടികളുടെ നഷ്ടമുണ്ടായെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. കശുവണ്ടി മേഖലയില്‍ കാര്യമായ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മറുപടി നല്‍കി. ഓണ്‍ലൈന്‍ ടെണ്ടറില്‍ വിദേശ കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ സീല്‍ഡ് ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും തോട്ടണ്ടി ഇറക്കുമതിയില്‍ കുറവ് വന്നത് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഉള്ള മറുപടി അല്ല മന്ത്രി നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മൊസബിക്കില്‍ നിന്നും ഗുണനിലവാരം ഇല്ലാത്ത തോട്ടണ്ടിയാണ് വാങ്ങിയതെന്നും കശുവണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തല സഭയില്‍ വ്യക്തമാക്കി.
അതേസമയം കശുവണ്ടി മേഖലയില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് എ.കെ ബാലന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.