സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറി ; കൊലപാതങ്ങള്‍ക്ക് കാരണം പൊലീസിന്‍റെ നിഷ്ക്രിയത്വം : പ്രതിപക്ഷം

Jaihind Webdesk
Wednesday, February 23, 2022

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ നിയമസഭയില്‍ കടന്നാക്രമിച്ച് പ്രതിപക്ഷം. സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണെന്നും പൊലീസ് നിഷ്‌ക്രിയത്വം കാരണമാണ് കൊലപാതക സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനു പിന്നാലെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.

സംസ്ഥാനത്ത്  നിരന്തരം കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വം മൂലമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷംസുദ്ദീൻ എംഎൽഎ ആരോപിച്ചു. തലശ്ശേരിയിൽ ആർഎസ്എസുകാരാണ് പ്രതിയെങ്കിൽ കിഴക്കമ്പലത്ത് പ്രതികൾ സിപിഎമ്മുകാരാണ്. ഹരിദാസിന്‍റെ കൊലപാതകം നടന്നത് പൊലീസ് ഉദാസീനതമൂലമാണ്. ഹരിദാസ് പരാതി നൽകിയപ്പോൾ നോക്കിയും കണ്ടും നടന്നാൽ മതിയെന്നാണ് പൊലീസ് പറഞ്ഞതെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.

ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലും പൊലീസ് അനാസ്ഥ വ്യക്തമാണ്. വടക്കേ മലബാറിൽ ബോംബേറ് കുടിൽ വ്യവസായം പോലെയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിൽ കൈയിൽ കിട്ടുന്നതെല്ലാം ബോംബാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.

ആലപ്പുഴയിൽ ആർഎസ്എസ് നേതാവിനെ എസ്ഡിപിഐക്കാർ ഘോഷയാത്രയായി പോയാണ് കൊന്നത്. സംസ്ഥാന ഇന്‍റലിജൻസ് പരാജയമാണ്. മട്ടന്‍റെ കാലല്ല, മനുഷ്യന്‍റെ കാല് വെട്ടിയെടുത്ത് തെരുവിലെറിഞ്ഞ് പോകുന്നതാണ് കാണുന്നത്. ജോമോന് കാപ്പ ഒഴിവാക്കിയത് പൊലീസ് കൃത്യമായ റിപ്പോർട്ട് നൽകാത്തതിനാലാണ്. കേരളത്തിൽ ഇപ്പോഴുള്ളത് ഗുണ്ടാ ഇടനാഴിയാണെന്നും ഷംസുദ്ദീൻ വിമർശിച്ചു.