നീരവ് മോദിയുടെ അറസ്റ്റ് തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് പ്രതിപക്ഷം. ആയിരക്കണക്കിന് കോടികള്‍ തട്ടിച്ച് വിദേശത്തേക്ക് കടന്ന് ആഢംബര ജീവിതം നയിച്ച നീരവ് മോദിയെ ഇപ്പോള്‍ ലണ്ടനില്‍ അറസ്റ്റ് ചെയ്തത് പതിവുപോലെയുള്ള തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന് ഒന്നും അവകാശപ്പെടാനില്ലെന്നും തട്ടിപ്പുകാരന് രാജ്യം വിടാന്‍ അവസരമൊരുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു.
ഇപ്പോഴത്തേത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വെറും പ്രകടനം മാത്രമാണ്. മോദി സര്‍ക്കാരും ബി.ജെ.പിയും അദ്ദേഹത്തെ രാജ്യം വിടാന്‍ സഹായിക്കുകയാണ് ചെയ്തത്. നീരവ് മോദിയുടെ അറസ്റ്റും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമൊക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വതന്ത്രനാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു.
ലണ്ടനിലെ ടെലഗ്രാഫ് പത്രവും അതിന്‍റെ ലേഖകനുമാണ് നീരവ് മോദിയെ കണ്ടെത്താന്‍ കാരണമായതെന്നിരിക്കെ അറസ്റ്റിന്‍റെ ക്രെഡിറ്റ് മോദിക്കാണെന്ന് ബി.ജെ.പി അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണെന്ന് ജമ്മു-കശ്മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,600 കോടി രൂപ വായ്പയായി എടുത്ത് മുങ്ങിയ നീരവ് മോദിയെ കുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടത്തിയിരുന്നില്ല. നീരവ് മോദിയെ രാജ്യം വിടാന്‍ സഹായിച്ചത് പ്രധാനമന്ത്രിയും ബി.ജെ.പിയുമാണെന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നു. ഇതിനിടയിലാണ് ടെലഗ്രാഫ് പത്രം മോദിയുടെ ലണ്ടനിലെ ആഢംബര ജീവിതത്തെ കുറിച്ച് വാര്‍ത്ത പുറത്തു വിട്ടത്. തുടര്‍ന്ന് ലണ്ടന്‍ പോലീസ് മോദിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇതിനെ രാഷ്ട്രീയനേട്ടമാക്കാനുള്ള മോദി സര്‍ക്കാരിന്‍റെ കാപട്യമാണിപ്പോള്‍ പ്രതിപക്ഷം തുറന്നുകാട്ടുന്നത്.