കുന്നത്തുനാട്ടിലെ നിലംനികത്തല്‍ : സർക്കാർ നടപടിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം

Jaihind Webdesk
Wednesday, June 12, 2019

കുന്നത്തുനാട്ടിലെ നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന കലക്ടറുടെ ഉത്തരവ് റദ്ദ് ചെയ്ത സർക്കാർ നടപടിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടികാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. റവന്യൂ മന്ത്രി അറിയാതെയാണ് വകുപ്പിൽ കാര്യങ്ങൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

തണ്ണീർത്തട നിയമം കാറ്റിൽ പറത്തി കുന്നത്തൂ നാട്ടിലെ 5.8365 ഹെക്റ്റർ നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന കലക്ടറുടെ ഉത്തരവ് റദ്ദ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്.

കുന്നത്ത് നാട്ടിൽ നിലം നികത്താൻ ശ്രമിക്കുന്ന സ്വീക്സ് കമ്പനി വിവാദ വ്യവസായിയുടെ ബിനാമി സ്ഥാപനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിയമോപദേശം പോലും തേടാതെയാണ് കലക്ടറുടെ ഉത്തരവ് റദ്ദ് ചെയ്തതെന്നും സർക്കാർ നടപടി
ഭൂമാഫിയയെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഉത്തരവ് റദ്ദാക്കാനുള്ള ഫയൽ നീങ്ങിയത് ശരവേഗത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതിനായി സമ്മർദമുണ്ടായെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.പി സജീന്ദ്രൻ സഭയിൽ വ്യക്തമാക്കി.

എന്നാൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നായിരുന്നു റവന്യുമന്ത്രിയുടെ മറുപടി. അതേ സമയം, എജിയുടെ നിയമോപദേശം ലഭിക്കാതെയാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നും എ.ജിയുടെ നിയമോപദേശം തുടർന്ന് തേടിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി സഭയെ അറിയിച്ചു. എ.ജിയുടെ നിയമോപദേശം കളക്ടറുടെ കൈയ്യിൽ ഇരിക്കെ, ഉത്തരവ് മരവിപ്പിച്ചിട്ട് വീണ്ടുമെന്തിന് മന്ത്രി നിയമോപദേശം തേടുന്നുവെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ചോദിച്ചു. നിലംനികത്തി കൊണ്ടാണോ സർക്കാർ ഹരിത കേരളം പദ്ധതി നടപ്പിലാക്കുന്നത്. റവന്യൂ വകുപ്പ് യഥാർത്ഥത്തിൽ ആരാണ് ഭരിക്കുന്നതെന്നും വകുപ്പിൽ മുഖ്യമന്ത്രിയുടെ കൈകടത്തലുകൾ ഉണ്ടെന്നും സമ്മർദ്ദത്തിന് മന്ത്രി അടിമപ്പെടരുതെന്നും ചെന്നിത്തല പറഞ്ഞു.

വിഷയത്തിൽ റവന്യൂ മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.