ഊരാളുങ്കൽ സൊസൈറ്റിക്ക് കേരള പൊലീസിന്‍റെ ഡേറ്റാ ബാങ്ക് നൽകിയത് അതീവ സുരക്ഷാ വീഴ്ച്ചയെന്ന് പ്രതിപക്ഷം

Jaihind News Bureau
Wednesday, November 13, 2019

RameshChennithala-sabha-inside

ഊരാളുങ്കൽ സൊസൈറ്റിക്ക് കേരള പൊലീസിന്‍റെ ഡേറ്റാ ബാങ്ക് നൽകിയത് അതീവ സുരക്ഷാ വീഴ്ച്ചയെന്ന് പ്രതിപക്ഷം നിയമസഭയിൽ. മുഖ്യമന്ത്രിയുടെയും ഓഫീസിന്‍റെയും താൽപ്പര്യപ്രകാരമാണ് ഊരാളുങ്കലിന് അനുമതി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. ചീഫ് സെക്രട്ടിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മാത്രം ആക്സസ്സുള്ള ഡേറ്റാ ബാങ്ക് ഓക്ടോബർ 29 മുതൽ ഊരാളുങ്കൽ ചോർത്തുകയാണെന്നും പ്രതിപക്ഷം സഭയിൽ ആരോപിച്ചു. എന്നാൽ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

കേരള പൊലീസിന്‍റെ അതീവ രഹസ്യ ഫയലുകള്‍ അടങ്ങിയ ഡേറ്റാബേസ്, ഊരാളുങ്കല്‍ സൊസൈറ്റിക്ക് നൽകിയ വിഷയമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിച്ചത്. ഡേറ്റബേസിൽ സൊസൈറ്റിക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പാസ്സ്പോർട്ട് വെരിഫിക്കേഷനു ഫലപ്രദമായ മാർഗം നിലവിലുണ്ടെന്നിരിക്കെ, രഹസ്യ സ്വഭാവം ഉള്ള രേഖ സി പി എമ്മിന്‍റെ സഹോദര സ്ഥാപനത്തിന് കൊടുത്തുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെ എസ് ശബരീനാഥൻ ആരോപിച്ചു.

അതേ സമയം, ഒരു വ്യക്തി കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു മാത്രമേ ഊരാളുങ്കലിന് പരിശോധിക്കാനാകൂവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ആപ്ലിക്കേഷനിൽ പ്രവേശിക്കാനും പരിശോധിക്കാനുമുള്ള അവകാശം പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രമാണ്.
ഇതുവരെ ഊരാളുങ്കലിന് പ്രതിഫലം നൽകിയിട്ടില്ല. എന്നാൽ ഉരാളുങ്കലിന്റെ വളർച്ചയിൽ അസൂയയുള്ള വൻകിടക്കാരുണ്ട്. അവരുടെ വക്താക്കളായി പ്രതിപക്ഷം മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃത്യമായ പരിശോധനയും സങ്കേതിക സാധ്യതാ പ0നവുമില്ലാതെയാണ് ഈരാളുങ്കലിന് അനുമതി നൽകിയതെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചു. ഊരാളുങ്കലിന് പണം നൽകിയില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ 20 ലക്ഷം കൊടുക്കണമെന്ന ഡിജിപിയുടെ ഉത്തരവ് മുഖ്യമന്ത്രി അറിയാതെയാണൊയെന്നും ചെന്നിത്തലചോദിച്ചു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.