ഓപ്പറേഷൻ തണ്ടര്‍ : ആദ്യദിനം സംസ്ഥാനത്ത് പിടിവീണത് 191 ബസുകൾക്ക്; 15 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

Jaihind News Bureau
Friday, November 29, 2019

ടൂറിസ്റ്റ് ബസുകളിലെ അപകടകരമായ അഭ്യാസ പ്രകടനങ്ങൾക്ക് തടയിടാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തണ്ടറിൽ ആദ്യദിനം സംസ്ഥാനത്ത് പിടിവീണത് 191 ബസുകൾക്ക്. 15 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. അനധികൃതമായി ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ചതിനാലാണ് ഫിറ്റ്‌നസ് റദ്ദാക്കിയത്. ഈ മാസം 30 വരെയാണ് പരിശോധന.

നോട്ടീസ് ലഭിച്ച വാഹനങ്ങൾ അനധികൃതമായി ഘടിപ്പിച്ച സംവിധാനങ്ങൾ നീക്കി രണ്ട് ദിവസത്തിനകം പരിശോധനയ്ക്ക് ഹാജരാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിൽ ബസിൽ ജനറേറ്ററുകൾ വരെ ഘടിപ്പിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞതവണ നടത്തിയ പരിശോധനയിൽ നീക്കം ചെയ്ത ശബ്ദസംവിധാനങ്ങൾ വീണ്ടും ഘടിപ്പിച്ചു. പല ബസുകളിലും ഡാൻസ് ഫ്‌ളോറുകളും ഡി.ജെ പാർട്ടി സംവിധാനങ്ങളും ഉണ്ടായിരുന്നു.

സ്‌കൂൾ വിദ്യാർത്ഥികളുടെ വിനോദയാത്രക്കിടെ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ സാഹസികപ്രകടനങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പരിശോധന. അപകടകരമായ ഡ്രൈവിംഗോ നിയമവിരുദ്ധമായി ഘടിപ്പിച്ച സംവിധാനങ്ങളോ കണ്ടെത്തിയാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. അമിതമായി ലൈറ്റുകൾ ഘടിപ്പിക്കുക, അനുവദനീയമായതിൽ കൂടുതൽ ശബ്ദസംവിധാനം ഉപയോഗിക്കുക, പുറം ബോഡിയിൽ ചിത്രപ്പണികൾ ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്.