മന്ത്രിമാർക്ക് ‘മറ’യാകാം ; ഓപ്പറേഷന്‍ സ്‌ക്രീന്‍ സാധാരണക്കാർക്കു മാത്രം ; പ്രതിഷേധം

Jaihind News Bureau
Monday, January 18, 2021

 

തിരുവനന്തപുരം : മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടും വാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് ഫിലിമും നീക്കം ചെയ്യാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും. സാധാരണക്കാരുടെ വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ പരിശോധിക്കുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ വകുപ്പ് പരിശോധിക്കുന്നില്ല.

ഇതിനിടെ മന്ത്രിമാരുടെ വാഹനങ്ങളിലെ കര്‍ട്ടനുകളും കൂളിങ് ഫിലിമുകളും നീക്കം ചെയ്യാന്‍ ടൂറിസം വകുപ്പിന് ഗതാഗത വകുപ്പ് നോട്ടീസ് നല്‍കി. മന്ത്രിമാര്‍ക്കുള്ള വാഹനങ്ങള്‍ നല്‍കുന്നത് ടൂറിസം വകുപ്പാണ്.

വാഹനങ്ങളില്‍ കര്‍ട്ടനും കൂളിംഗ് ഫിലിമും പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് കേരളത്തില്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിരുന്നില്ല. ഇതോടെ മോട്ടോര്‍ വാഹന വകുപ്പിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി.

കൂളിംഗ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി മോട്ടോര്‍ വാഹനവകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പ് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ രൂപീകരിച്ചത്.