മരണപ്പാച്ചിലിന് പിടി വീഴും; പൊതുനിരത്തിലെ മത്സരയോട്ടത്തിന് തടയിടാന്‍ ഗതാഗതവകുപ്പ്: ‘ഓപ്പറേഷന്‍ റേസി’ന് നാളെ തുടക്കം

Jaihind Webdesk
Tuesday, June 21, 2022

 

തിരുവനന്തപുരം: പൊതുനിരത്തിലെ ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിൽ കർശന നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പിന് മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദ്ദേശം. പൊതുനിരത്തില്‍ മരണപ്പാച്ചില്‍ നടത്തുന്നവരെ പിടികൂടാന്‍ ‘ഓപ്പറേഷന്‍ റേസി’ന് ബുധനാഴ്ച തുടക്കമാകും. വാഹന പരിശോധന രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിശോധനയ്ക്കാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.

റേസ് ട്രാക്കിൽ നടത്തേണ്ട അഭ്യാസ പ്രകടനങ്ങൾ പൊതു നിരത്തുകളിൽ നടത്തി യുവാക്കളുടെ ജീവൻ നഷ്ടപ്പെടുന്നത് അടുത്ത കാലത്ത് വർധിച്ചിരിക്കുകയാണ്. ഇത്തരക്കാരുടെ മരണപ്പാച്ചിലിന് നിയമം പാലിച്ച് പോകുന്നവരും പലപ്പോഴും ബലിയാടാവാറുണ്ട്. പരിശോധനയില്‍ പിടികൂടുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ആന്‍റണി രാജു വാർത്താ കുറിപ്പിൽ വ്യക്തമാക്കി.