കര്‍ണാടകത്തില്‍ താമര വിരിയില്ല; ‘കാണാതായ’ എം.എല്‍.എ തിരികെയെത്തി: പ്രതിസന്ധികളെ തരണം ചെയ്ത് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്നുതന്നെ പരിഹാരമാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അതേസമയം, കാണാതായെന്ന പ്രചാരണം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എ ഭീമാനായിക് തിരിച്ചെത്തി. താന്‍ ഗോവയിലായിരുന്നെന്ന് ഭീമാനായിക് വ്യക്തമാക്കി. ജെ.ഡി.എസ് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കുന്ന കുമാരപ്രഭ ഗസ്റ്റ്ഹൗസില്‍ എത്തിയാണ് ഭീമാനായിക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗോവയില്‍ യാത്രക്ക് പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ആരെയും വിളിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഇദ്ദേഹം നേതാക്കന്മാര്‍ക്ക് നല്‍കിയ വിശദീകരണം.

കെ.സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഭീമാനായിക്കുമായി സംസാരിച്ചു. ബി.ജെ.പി നടത്തുന്ന ഈ കുതിരക്കച്ചവടം ദേശീയ തലത്തില്‍ തന്നെ അവര്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

18ാം തിയ്യതി വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗത്തില്‍ മുഴുവന്‍ എം.എല്‍.എമാരും പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് നിലപാട്. എം.എല്‍എമാരെ കാണാതായതോടെ ആശങ്കയിലായ ഈ പാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഭീമാനായിക്കിന്റെ തിരിച്ചുവരവ്. ഓപ്പറേഷന്‍ താമര കര്‍ണാടകത്തില്‍ വിരിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടു. ബിജെപി ക്യാമ്പിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരും സ്വതന്ത്രരും തിരിച്ചു വരും. സ്വതന്ത്ര എംഎല്‍എമാരുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

സര്‍ക്കാരുണ്ടാക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും ഇത് എളുപ്പമല്ലെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുണ്ട്. പതിമൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെങ്കിലും രാജിവച്ചാല്‍ മാത്രമേ 104 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിക്ക് രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ കൂടി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാകൂ.

congressbjpAICCkarnatakaKC Venugopaloperation lotus
Comments (0)
Add Comment