കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് വിതുമ്പി ഉമ്മന്‍ചാണ്ടി

Jaihind Webdesk
Wednesday, February 20, 2019

കാസര്‍ഗോഡ് വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീട്ടിലെത്തിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടിയ്ക്കും വീട്ടുകാരുടെ സങ്കടം കണ്ട് ദുഖം നിയന്ത്രിക്കാനായില്ല.

‘എന്റെ മോനെ അവര് വെട്ടിക്കൊന്നു സാറെ. ഞാൻ വിളിച്ചപ്പോഴെല്ലാം ഇപ്പം വരാം അച്ഛാ എന്ന് എന്റെ കുഞ്ഞ് എന്നോട് പറഞ്ഞതാ… പിന്നീട് വിളിച്ചപ്പോൾ അവൻ ഫോണെടുത്തില്ല… അവര് വെട്ടിക്കൊന്നു സാറെ..’ ഉമ്മൻ ചാണ്ടിയുടെ ഇരുകൈകളും ചേർത്ത് പിടിച്ച് കൃപേഷിന്റെ അച്ഛൻ പൊട്ടിക്കരഞ്ഞു. കണ്ണീർത്തുള്ളികൾ ആ കൈകളിൽ പതിക്കുമ്പോൾ അതിന്റെ ചൂട് ആഴിന്നിറങ്ങിയത് ഉമ്മൻ ചാണ്ടിയുടെ കൈകളിൽ മാത്രമായിരുന്നില്ല. അവിടെ കൂടിനിന്ന ഒരോത്തരുടെയും ഉള്ളിലേക്കായിരുന്നു. അത്രത്തോളം ഹൃദയഭേദകമായിരുന്നു കൂടിക്കാഴ്ച. ഇൗ സങ്കടത്തിന് മുന്നിൽ ഉമ്മൻ ചാണ്ടിയും വിതുമ്പിപ്പോയി.

ഇന്ന് രാവിലെയാണ് കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയത്. മകന്റെ മരണത്തെക്കുറിച്ച് വിങ്ങിപ്പൊട്ടിയ കൃപേഷിന്‍റെ പിതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉമ്മന്‍ ചാണ്ടിക്കും കണ്ണുനിറഞ്ഞു.

കൊലപാതകം നടക്കുമ്പോള്‍ സംസ്ഥാനത്ത് ഇല്ലാതിരുന്ന ഉമ്മന്‍ചാണ്ടി ഇന്നാണ് ഇരുവരുടെയും വീട്ടിലെത്തിയത്. ഇരുവരെയും സംസ്കരിച്ച സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി ആദരാഞ്ജലി അര്‍പ്പിച്ച ശേഷമായിരുന്നു ഉമ്മന്‍ചാണ്ടി വീടുകളിലെത്തിയത്.

മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവരും ഉമ്മന്‍ചാണ്ടിയോടൊപ്പം കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു.