സ്ത്രീകളെ ആക്രമിക്കുന്നതാണോ സ്ത്രീ സുരക്ഷ? സി.പി.എമ്മിന് അധികാരത്തിന്റെ ധാര്‍ഷ്ട്യം: ഉമ്മന്‍ ചാണ്ടി

കോട്ടയം: സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതാണോ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഭീഷണി മുഴക്കുന്നതും അക്രമം നടത്തുന്നതുമാണോ സര്‍ക്കാര്‍ നവോത്ഥാനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ട പാത്താമുട്ടം കൂമ്പാടി
സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ പരിക്കേറ്റ് കഴിയുന്നവരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിക്കുന്നു.

സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ട പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ പരിക്കേറ്റ് കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അക്രമം ഭയന്ന് വീടുകളിലേക്ക് മടങ്ങാന്‍ ഭയന്ന് ആറ് കുടുംബങ്ങളാണ് ഒരാഴ്ചയായി പള്ളിയില്‍ കഴിയുന്നത്. എന്നാല്‍ പോലീസ് നടപടി എടുക്കാന്‍ കൂട്ടാക്കുന്നില്ല.

അക്രമം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ് സി.പി.എമ്മിനെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അക്രമത്തിന് ഒത്താശ ചെയ്തവര്‍ക്കെതിരെയും അന്വേഷണം നടത്തണം.

അക്രമം നടത്തിയവര്‍ക്ക് യാതൊരു പരിക്കുകളും ഇല്ലാതിരുന്നിട്ടും ആശുപത്രിയില്‍ നിന്നും ഒ.പി ടിക്കറ്റ് ലഭിക്കാനിടയായ സാഹചര്യവും അന്വേഷിക്കണം. ഇതടക്കമുള്ള കാര്യങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തി അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി നാലിന് എസ്.പി.ഓഫീസിലേക്ക് യു.ഡി.എഫ് ലോംഗ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.ഏയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പൊതുജനങ്ങളും മാര്‍ച്ചില്‍ അണിനിരക്കും.  18 വര്‍ഷം മുന്‍പ് ഇതേ പ്രദേശത്ത് സി.പി.എം അക്രമവും കൊലവിളിയും നടത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞടുപ്പിനോടനുബന്ധിച്ചാണ് അന്ന് സി.പി.എം ഈ പ്രദേശത്ത് അക്രമം നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ രാത്രി വീടുകള്‍ ആക്രമിച്ച സി.പി.എം ഗുണ്ടകള്‍ ഒട്ടേറെ നാട്ടുകാരെ ക്രൂരമായി തല്ലിച്ചതച്ചു. ഇടത് ഭരണത്തില്‍ അന്നും പോലീസ് അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
ഇത്തവണ അതിലും ഭീകരമായ ആക്രമണമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, നേതാക്കളായ ജോണി ജോസഫ്, സിബി ജോണ്‍, ബാബുക്കുട്ടി ഈപ്പന്‍, റോയി മാത്യു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. അക്രമം നടന്ന വീടുകളും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

Attackkottayam cpim attackcpim attack
Comments (0)
Add Comment