പിണറായി സര്‍ക്കാര്‍ ജനാധിപത്യകേരളത്തിന് അപമാനമെന്ന് ഉമ്മന്‍ചാണ്ടി; കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

Jaihind Webdesk
Tuesday, March 5, 2019

തിരുവനന്തപുരം: പെരിയയില്‍ കോണ്‍ഗ്രസ് അക്രമികളാല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരുവരുടെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധീരസ്മൃതിയാത്രയുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കൃപേഷിന്റെയും ശരത്‌ലാലിന്റെയും മരണത്തില്‍ വേദന അനുഭവിക്കുന്ന അച്ഛന്‍മാരുടെയും അമ്മമാരുടെയും അഭിപ്രായം കൂടി ആരാഞ്ഞ് അന്വേഷണം നടത്തേണ്ടതിന് പകരം അന്വേഷണം അട്ടിമറിക്കുകയാണ്. ജനാധിപത്യകേരളത്തിന് അപമാനമാണ് ഈ സര്‍ക്കാര്‍. കൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയെന്നതിന് കേരള സര്‍ക്കാര്‍ മറുപടി പറയണം. അന്വേഷണ സംഘം കൃപേഷിന്റയും ശരത്‌ലാലിന്റെയും വീടുകളിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തതാണ് അന്വേഷണ സംഘത്തെ മാറ്റാന്‍ കാരണമായത്. ഇതൊരു പ്രാദേശിക പ്രശ്‌നമാക്കി ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിത്.

കേരളത്തിലെ ജനങ്ങളും ശരത്‌ലാലിന്റെയും കൃപേഷിന്റെയും കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ കൊടുത്തും എതിര്‍ക്കും. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ട് അതിന്റെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണം. കൊല ചെയ്തവര്‍, ഗൂഢാലോചന നടത്തിയവര്‍, കൂട്ടുനിന്നവര്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ എല്ലാവരും നിയമത്തിന് മുന്നില്‍ വരണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ഈ നാടിന്റെ ദുഃഖം ഒപ്പിയെടുത്ത് വ്യവസ്ഥാപിതമായ രീതിയില്‍ ജനാധിപത്യ ശൈലിയില്‍ ഉയര്‍ത്തിപ്പിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ നിയമവീഴ്ച്ച ഉറപ്പാക്കണം. തുടര്‍ന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഓര്‍മ്മകള്‍ക്കുമുന്നില്‍ ദീപനാളം തെളിയിച്ചു.