കോട്ടയം: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വിളിക്കാത്തതിനെ ചൊല്ലി വിവാദത്തിന് താല്പര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സന്തോഷ നിമിഷമാണ്. 2017 ല്‍ പണി തീര്‍ക്കാനായിരുന്നു യുഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ തീരുമാനിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നതുവരെ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സമയക്രമം കൃത്യമായിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് നിര്‍മ്മാണം വൈകിപ്പിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെയും ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങില്‍നിന്നും വിട്ടുനിന്നത്.
മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ആയിരുന്നു 2010 ഡിസംബറില്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടത്. 2014 ഫെബ്രുവരിയില്‍ റണ്‍വേ നിര്‍മ്മാണം ഉദ്ഘാടനം അന്ന് കേന്ദ്രമന്ത്രിയായിരുന്നു എ.കെ.ആന്റണി നിര്‍വ്വഹിച്ചു. 2014 ജൂലൈയില്‍ ടെര്‍മിനല്‍ കെട്ടിടം ശിലാസ്ഥാപനം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. എന്നാല്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിയെയും വിഎസ്സിനെയും സര്‍ക്കാര്‍ ക്ഷണിച്ചില്ല. ഇതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയത്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഇന്ന് നാടിന് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്. അബുദാബിയിലേക്കായിരുന്നു ആദ്യ വിമാന സര്‍വ്വീസ്.