ഉമ്മൻചാണ്ടി വീഡിയോ കോളിൽ; ലോക് ഡൗൺ കഴിഞ്ഞാൽ കാണാൻ നേരിട്ടെത്തുമെന്ന ഉറപ്പ്: കണ്ണൻ അതിരുകളില്ലാത്ത സന്തോഷത്തിൽ

ലോക്ഡൗൺ കഴിഞ്ഞാൽ കണ്ണനെ നേരിൽ കാണാൻ എത്തുമെന്ന് ഉമ്മൻചാണ്ടിയുടെ ഉറപ്പ്. ഭിന്നശേഷിക്കാരനെങ്കിലും മികച്ച ചിത്രകാരനാണ് കണ്ണന്‍. ഒപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കടുത്ത ആരാധകനും. ആരാധനാപാത്രത്തോട് വീഡിയോകോളിലൂടെ സംസാരിക്കാന്‍ കഴിഞ്ഞതിന്‍റെയും നേരില്‍ കാണാമെന്ന ഉറപ്പ് ലഭിച്ചതിന്‍റെയും സന്തോഷത്തിലാണ് ഇന്ന് കണ്ണന്‍. വീട്ടില്‍ സന്ദർശിക്കാനെത്തിയ കെ.പി.സി.സി ജനറൽ
സെക്രട്ടറി സി.ആര്‍ മഹേഷ് ആണ് ഈ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്.

https://www.facebook.com/JaihindNewsChannel/videos/2968838133205364/

ആദിനാട് വടക്ക് തുറയിൽകടവ് ആതിരയില്‍ കൂലിവേലക്കാരനായ അശോകന്‍റെയും രതിയുടെയും മകനാണ് കണ്ണനെന്ന അദുൽ. സുഹൃത്ത് അനു അശോകുമൊത്ത് സി.ആർ മഹേഷ് ആ വീട്ടിലെത്തുമ്പോള്‍ തന്നെ താന്‍ ഏറെ ആരാധിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം കാട്ടി. അതിമനോഹരമായ ആ ചിത്രം കാട്ടി തന്‍റെ ആരാധനാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ ശാരീരിക വിഷമതകൾ ഉണ്ടെങ്കിലും മനസിന് ഒട്ടും തളർച്ചയില്ലെന്ന് തെളിയിക്കുന്നതായിരുന്നു കണ്ണന്‍റെ വാക്കുകളെന്ന് മഹേഷ് പറയുന്നു. ഭിന്നശേഷിക്കാരനെങ്കിലും കിടന്നു കൊണ്ട് ചിത്രം രചിക്കുന്ന കണ്ണന്‍റെ വരകളിലും വർണ്ണങ്ങളിലും ആ കുട്ടിയിലെ പ്രതിഭ ഒളിമങ്ങാതെ തിരിച്ചറിയാനാകും.

യാത്രയാകാനൊരുങ്ങിയ മഹേഷിനോട് കണ്ണന്‍ വലിയ ഒരു ആഗ്രഹം വെളിപ്പെടുത്തി.”ഞാൻ വരച്ച ചിത്രം എനിക്ക് ഉമ്മൻചാണ്ടി സാറിന് നേരിട്ട് നൽകണം, അവസരമുണ്ടാക്കിത്തരണം”. കൊവിഡ് കാല നിയന്ത്രണങ്ങൾ നീങ്ങുമ്പോൾ അതിനും വഴിയുണ്ടാക്കാമെന്ന് വീഡിയോകോളിലൂടെ ഉമ്മന്‍ചാണ്ടി സാർ നേരിട്ട് തന്നെ ഉറപ്പേകിയപ്പോള്‍ കണ്ണന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കണ്ണന്‍. രാവിലെ സ്കൂൾ ബസ് വീട്ടുപടിക്കലെത്തുമ്പോൾ മാതാവ് കണ്ണനെ എടുത്ത് കൊണ്ട് കയറും. മകനേയും കൂട്ടി സ്കൂളിലേക്ക് പോകുന്ന രതി മടങ്ങിയെത്തുന്നത് വൈകിട്ട് സ്കൂൾ ബസിലാണ്. അമ്മയുടെ സാന്നിദ്ധ്യം സ്കൂളിലുണ്ടാകണം. ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക കാര്യങ്ങളിലും കണ്ണനെ സഹായിക്കാൻ ഒരാൾ വേണം. അതിനാണ് മകന്‍റെ പഠന സമയം മുഴുവൻ മാതാവ് സ്കൂളിൽ തങ്ങുന്നത്.

കൂലിവേലക്കാരനായ അശോകനോട് മകൻ തുടർന്ന് പഠിക്കാനുള്ള ആഗ്രഹത്തെ പറ്റിയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും “വരട്ടെ മോനെ, സമയമാകട്ടെ” എന്ന് സമാധാനിപ്പിക്കും. അപ്പോഴും എങ്ങനെ അതിനുള്ള സമ്പത്ത് കണ്ടെത്തുമെന്ന് ഒരു നിശ്ചയവുമില്ല.

ആനിമേഷൻ കോഴ്സിന് ചേർന്ന് പഠിക്കണമെന്നാണ് കണ്ണന്‍റെ ആഗ്രഹം. മെച്ചപ്പെട്ട സ്ഥാപനത്തിൽ ആനിമേഷൻ കോഴ്സിന് ചേർന്ന് പഠിക്കാൻ എല്ലാ സഹായവും ചെയ്യാമെന്ന് സി.ആർ. മഹേഷ് ഉറപ്പു നൽകി. ഒപ്പം, ഉമ്മൻചാണ്ടി സാറിന്‍റെ ചിത്രം നേരിട്ട് കൈമാറണം എന്ന കണ്ണന്‍റെ ഏറ്റവും വലിയ ആഗ്രഹം സഫലീകരിക്കാമെന്ന ഉറപ്പും.

ഇത്തരം കുരുന്നുകളുടെ ആഗ്രഹങ്ങൾ തിരിച്ചറിയാനും അവരെ സഹായിക്കാനും മനസുള്ള ഒട്ടേറെ വ്യക്തിത്വങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട്. കണ്ണനു പഠിക്കാനും ഭിന്നശേഷിക്കിടയിലും ജീവിതത്തിലെ ഉയരങ്ങൾ കീഴടക്കാനും കഴിയുന്ന തരത്തിൽ സഹായിക്കേണ്ടത് അനിവാര്യതയാണെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Comments (0)
Add Comment