ഇന്ത്യയെ ഐക്യത്തിലൂടെ ശക്തമാക്കിയ ധീര നേതാവായിരുന്നു ഇന്ദിരാ ഗാന്ധി : ഉമ്മന്‍ചാണ്ടി

ഇന്ത്യയുടെ ഉരുക്കുവനിതയുടെ രക്തസാക്ഷിത്വ വാർഷിക ദിനത്തില്‍ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ദിരഗാന്ധി ശ്രമിച്ചിട്ടില്ലെന്നും എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ മക്കളാണെന്ന മതമായിരുന്നു ഇന്ദിരയ്ക്കെന്നും ഉമ്മന്‍ചാണ്ടി ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ അവര്‍ക്കു ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയെന്ന മാതൃഭൂമിയുടെ മക്കളായ എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്ന വിശുദ്ധ മതം. ദാരിദ്ര്യം മുതല്‍ ഭീകരവാദവും യുദ്ധവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിട്ട് ഇന്ദിരാഗാന്ധി 16 വര്‍ഷം സധീരം രാജ്യത്തെ നയിച്ചു. ഇന്ത്യയെ ഐക്യത്തിലൂടെ ശക്തമാക്കാന്‍ ജീവിതം അര്‍പ്പിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധിയെന്നും അദ്ദേഹം അനുസ്മരിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

ഇന്ത്യയുടെ ഉരുക്കുവനിതയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികമാണ് ഇന്ന്. എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ മക്കളാണെന്ന മതമായിരുന്നു ഇന്ദിരയുടേത്. മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ദിര ശ്രമിച്ചിട്ടില്ല.

‘പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ അവര്‍ക്കു ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയെന്ന മാതൃഭൂമിയുടെ മക്കളായ എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്ന വിശുദ്ധ മതം. ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ അവരെതിര്‍ത്തു. മതനിരപേക്ഷതയ്ക്കായി പോരാടി. ഇന്ത്യയുടെ സമ്പന്നമായ നാനാത്വത്തിന് അവര്‍ തിളക്കമേറ്റി.

ഇന്ദിരാജിയെ ‘ഉരുക്കുവനിത’ എന്ന് വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഉരുക്കിന്റെ ദൃഢത അവരുടെ ഒരു സ്വഭാവഗുണം മാത്രമാണ്. മഹാമനസ്‌കതയും മനുഷ്യത്വവുമാണ് പ്രധാന സ്വഭാവ വിശേഷങ്ങള്‍. ശരിയാണ് അവര്‍ പോരാടിയിരുന്നു, എന്നാല്‍ അത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായിരുന്നില്ല.പ്രത്യയശാസ്ത്രത്തിനായും ഗൂഢതാത്പര്യങ്ങള്‍ക്കും അജന്‍ഡകള്‍ക്കും എതിരെയുമായിരുന്നു അവരുടെ പോരാട്ടങ്ങള്‍.

ഭയപ്പെടുത്തി സമ്മര്‍ദം ചെലുത്തുന്നതും അനധികൃതമായ ഇടപെടലുകളും ഇന്ദിരാജി ഒരു തരത്തിലും അംഗീകരിച്ചിരുന്നില്ല. അതവരുടെ അടിസ്ഥാന പ്രകൃതമാണ്. എല്ലാത്തരം യുദ്ധങ്ങളിലും പ്രചോദനമായത് ഈ ശൈലിയാണ്. ഇന്ദിരയുടെ വികാരമായിരുന്നു ഇന്ത്യ. ദരിദ്രരെയും അടിച്ചമര്‍ത്തപ്പെടുന്നവരെയും അവര്‍ ആഴത്തില്‍ സഹായിച്ചു.

പിതാവിന്‍റെ ഉപദേശങ്ങള്‍ വ്യതിചലിക്കാതെ ഇന്ദിരാജി പിന്തുടര്‍ന്നു. 16 വര്‍ഷം അവര്‍ രാജ്യത്തെ നയിച്ചു. നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ദാരിദ്ര്യം മുതല്‍ ഭീകരവാദവും യുദ്ധവും വരെ അവര്‍ ധൈര്യത്തോടെ നേരിട്ടു. ഇന്ത്യയെ ഐക്യത്തിലൂടെ ശക്തമാക്കാന്‍ ജീവിതം അര്‍പ്പിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധി

ഇന്ദിരാ ഗാന്ധിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

#IndiasIndira

Oommenchandyindira gandhi
Comments (0)
Add Comment