ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പിറന്നാള്‍ ; ആശംസകള്‍ നേർന്ന് രാഷ്ട്രീയകേരളം

Jaihind News Bureau
Saturday, October 31, 2020

ഇന്ന് ഒക്ടോബര്‍ 31. ഇന്നാണ് രാഷ്ട്രീയ കേരളത്തിന്‍റെ സ്വകാര്യ അഹങ്കാരമായ ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനം. ജനഹൃദയങ്ങളില്‍ സ്‌നേഹത്തിന്‍റെയും കരുണയുടേയും ആള്‍രൂപമാണ് ഉമ്മന്‍ ചാണ്ടി. ഇത്തവണത്തെ ജന്മദിനത്തില്‍ ഒരു പ്രത്യേകത കൂടി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമാണ്. നിയമസഭയില്‍ സുവര്‍ണ്ണജൂബിലി പിന്നിടുന്ന ചരിത്രം. പുതുപ്പള്ളിയില്‍ നിന്നും തുടര്‍ച്ചയായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി നിയമസഭയുടേയും അഭിമാനമാണിന്ന്. ചരിത്രത്തിന്‍റെ യാദൃശ്ചികതയായിരിക്കാം ലോകം കണ്ട കരുത്തയായ നേതാവ് ഇന്ദിരാ ഗാന്ധിയുടെ ചരമദിനം കൂടിയാണിന്ന്. ഇന്ദിരാ ഗാന്ധിയുടെ വീരമൃത്യു ഒക്ടോബര്‍ 31 ആയതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിയും കുടുംബവും ജന്മദിനം ആഘോഷിക്കാറില്ല. തീക്ഷണമായ പൊതുപ്രവര്‍ത്തന യാത്രയായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്ന് കാലം അടയാളപ്പെടുത്തിയിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയും ഇടചേര്‍ന്നതായിരുന്നു കുഞ്ഞൂഞ്ഞിന്‍റെ രാഷ്ട്രീയ കരുത്ത്. രാഷ്ട്രീയ എതിരാളികള്‍ വാക്കുകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും ഉമ്മന്‍ ചാണ്ടിയെ നേരിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ എഴുപത്തിരണ്ടാം വയസില്‍ ഒരു മുറിപ്പാടിന്‍റെ രക്തപ്പാട് ഇപ്പോഴും കേരളം ദുഃഖത്തോടെ സ്മരിക്കുന്നതാണ്. ആശയം കൊണ്ട് ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ കഴിയാതെ കല്ല് കൊണ്ട് എതിരാളികള്‍ നേരിട്ടപ്പോള്‍ മുറിഞ്ഞ നെറ്റിയും നെഞ്ചുമായി അക്ഷോഭ്യനായി തന്നെ അക്രമിച്ചവരെ ഒന്നും ചെയ്യരുതെന്നുള്ള ആഹ്വാനമായിരുന്നു ഉമ്മന്‍ ചാണ്ടി അന്ന് നടത്തിയത്. പിന്നീട് അക്രമി ഉമ്മന്‍ ചാണ്ടിയെ കണ്ട് മാപ്പ് പറയാനെത്തിയപ്പോഴും സമാശ്വാസത്തിന്‍റെ ചിരിയായിരുന്നു ആ മുഖത്ത്. ഇത് ഉമ്മന്‍ ചാണ്ടിക്ക് മാത്രം കഴിയുന്ന പ്രത്യേകതയാണ്. രാഷ്ട്രീയവും അധികാരവും ചുറ്റുപിണഞ്ഞു കിടക്കുന്ന ഓരോ ചുവടും അധികാരസ്ഥാനം ലക്ഷ്യമിട്ടും അവ നിലനിര്‍ത്താനുള്ള മത്സരത്തിലാണ് പലരും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതവും വ്യക്തിജീവിതവും അതായിരുന്നില്ല. തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ 11 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ ഉണ്ടായിരുന്നത്. 18 മാസം തൊഴില്‍ മന്ത്രിയും 3 മാസം ആഭ്യന്തരമന്ത്രിയും 3 വര്‍ഷം ധനമന്ത്രിയും ആദ്യം ഒരു വര്‍ഷം മുഖ്യമന്ത്രി. പിന്നീട് 5 വര്‍ഷം മുഖ്യമന്ത്രി എന്നിവയാണവ.

എന്നാല്‍ അധികാരത്തിലുണ്ടായിരുന്ന കാലഘട്ടങ്ങളിലെല്ലാം ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു ഉമ്മന്‍ ചാണ്ടി തന്‍റെ അധികാരം വിനിയോഗിച്ചതെന്ന് കാലം അടയാളപ്പെടുത്തിയിട്ടുണ്ട്. എ.കെ ആന്‍റണി മന്ത്രിസഭയില്‍ തൊഴില്‍മന്ത്രി ആയിരിക്കുന്ന കാലഘട്ടത്തിലാണ് തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കികൊണ്ടുള്ള വിപ്ലവകരമായ തീരുമാനം എടുത്തതും നടപ്പാക്കിയതും. പൊലീസുകാരെ കാക്കി നിക്കറില്‍ നിന്നും പാന്‍റ്‌സിലേക്ക് മാറ്റിയതും ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്. കര്‍ഷകതൊഴിലാളി പെന്‍ഷനും 18 വയസ്സുള്ളവര്‍ക്ക് വോട്ടവകാശവും പി.എസ്.സി നിയമനപരിധി 35 വയസാക്കിയതും ഉമ്മന്‍ ചാണ്ടിയുടെ ഭരണനേട്ടത്തിന്‍റെ മുദ്രകളാണ്. ഒപ്പം ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയും ഒരു രൂപയ്ക്ക് അരിയും നല്‍കി ജനങ്ങളുടെ പ്രതീക്ഷക്കപ്പുറമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍.

ജനസമ്പർക്കപരിപാടിയിലൂടെ അശരണരായ പതിനായിരക്കണക്കിന് ആളുകള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ ഒരു കൈസഹായം ലഭിച്ചത്. അതും ജനങ്ങളിലേക്കിറങ്ങിച്ചെന്നുകൊണ്ട്. ഈ പരിപാടിയിലൂടെ ഐക്യരാഷ്ട്രസഭയുടെ പുരസ്കാരവും ഉമ്മന്‍ചാണ്ടിയെ തേടിയെത്തി. ഭരണാധികാരി എന്ന നിലയില്‍ നിരവധി പദ്ധതികളും പരിപാടികളുമായിരുന്നു കുഞ്ഞൂഞ്ഞ് കേരളത്തിന് നല്‍കിയ സംഭാവനകള്‍.

ഉമ്മന്‍ ചാണ്ടി ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും എപ്പോഴും ജനങ്ങളുടെ പക്ഷത്താണ്. മന്ത്രിയാണെങ്കിലും അല്ലെങ്കിലും ഉമ്മന്‍ ചാണ്ടി ഇങ്ങനെയൊക്കെയാണ്. കരുണയും കരുതലും സാന്ത്വനവുമാണ് ഈ മനുഷ്യന്‍റെ മുഖമുദ്ര. വിവാദങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയപ്പോഴും നിശബ്ദമായി അതെല്ലാം സഹിച്ച് സത്യം എന്നായാലും പുറത്തുവരുമെന്നുള്ള വിശ്വാസത്തോടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പൊതുപ്രവർത്തനം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സോളാർ കേസിലൂടെ രാഷ്ട്രീയഎതിരാളികള്‍ വേട്ടയാടിയപ്പോഴും അക്ഷോഭ്യനായി നിന്ന് ചെറുപുഞ്ചിരിയോടെ എല്ലാം നേരിട്ടത് രാഷ്ട്രീയകേരളം മറക്കില്ല.  എന്നാല്‍ കാലം മാറി പിണറായി സർക്കാരിനെ ഇപ്പോള്‍ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വിവാദങ്ങളും ആരോപണങ്ങളും കാലംകാത്തുവെച്ച കാവ്യനീതിയായി അരിയാഹാരം കഴിക്കുന്നവർ ചിന്തിക്കുമ്പോഴും നിരീക്ഷിക്കുമ്പോഴും ഉമ്മന്‍ ചാണ്ടിയുടെ തിളക്കം തിരിച്ചറിയുകയാണ് മലയാളിയും രാഷ്ട്രീയകേരളവും. ഉമ്മന്‍ ചാണ്ടിയും കുടുംബവും ജന്മദിനം ആഘോഷിക്കുന്നില്ലെങ്കിലും ടീം ജയ്ഹിന്ദിന്‍റെ ആശംസകള്‍.