‘ജനങ്ങളാണ് എന്‍റെ ശക്തി, നന്ദി പറയാൻ വാക്കുകളില്ല’ ; വികാരാധീനനായി ഉമ്മൻ ചാണ്ടി | VIDEO

Jaihind News Bureau
Thursday, September 17, 2020

 

കോട്ടയം: ജനങ്ങളാണ് തന്‍റെ ശക്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയം ജന നന്മക്ക് വേണ്ടിയാകണം. പലപ്പോഴും അതിൽ അപചയം സംഭവിക്കുന്നതായും ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമസഭാ പ്രവേശനത്തിന്‍റെ അന്‍പതാം വാർഷികദിനത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിൽ നൽകിയ സ്വീകരണ പരിപാടിയില്‍ നന്ദി പറഞ്ഞ്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജീവിതത്തിലെ അസാധാരണ സന്ദർഭമാണിത്. നന്ദി പറയാൻ വാക്കുകൾ ഇല്ല. എന്‍റെ ഹൃദയം മുഴുവൻ നന്ദിയും കടപ്പാടും കൊണ്ട് നിറഞ്ഞിരിക്കുന്നു’- വികാരാധീനനായി ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിർവ്വഹിച്ചു. ഉമ്മൻ ചാണ്ടിയുടേത് അനിതരസാധാരണമായ നേട്ടമെന്ന് സോണിയാ ഗാന്ധി ആശംസാ സന്ദേശത്തിൽ പറഞ്ഞു. കേരള ജനതയുടെ മനസ് തൊട്ടറിഞ്ഞ യഥാർത്ഥ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും ജനങ്ങളോട് അദ്ദേഹത്തിനുള്ള കരുണയും പ്രതിബദ്ധതയും അത്ഭുതപ്പെടുത്തുന്നതാണെന്നും രാഹുല്‍ ഗാന്ധിയും ആശംസാ സന്ദേശത്തില്‍ അറിയിച്ചു.

തുടർച്ചയായി 50 വർഷം പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് ജയിക്കാനായത് ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം വ്യക്തമാക്കുന്നതാണെന്ന് സോണിയാ ഗാന്ധി. മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആത്മാർത്ഥമായും അർപ്പണമനോഭാവത്തോടെയും പ്രവർത്തിച്ചതിന്‍റെ അംഗീകാരമാണ് ഈ നേട്ടമെന്നും സോണിയാ ഗാന്ധി ആശംസാ സന്ദേശത്തില്‍ അറിയിച്ചു.

ദീർഘകാലത്തെ പൊതുപ്രവർത്തന ജീവിതത്തിൽ ഒരു മികച്ച വിദ്യാർത്ഥി നേതാവായും, ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും എ.ഐ.സി.സി ജനറൽ സെക്രട്ടറിയായും എല്ലാം മികച്ച പ്രവർത്തനമാണ് ഉമ്മന്‍ ചാണ്ടി കാഴ്ചവെച്ചത്. തന്‍റെ തത്വങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ജനാധിപത്യ മൂല്യങ്ങളിലും സാമൂഹ്യനീതിയിലുമെല്ലാം അടിയുറച്ചതാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രവർത്തനമെന്നും സോണിയാ ഗാന്ധി പറഞ്ഞു. കെ.സി ജോസഫ് എം.എൽ.എയാണ് സോണിയാ ഗാന്ധിയുടെ ആശംസാ സന്ദേശം വായിച്ചത്.