ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധം ; കേന്ദ്ര നിയമത്തിനെതിരെ നിയമനിര്‍മ്മാണം നടത്തണം : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Wednesday, December 23, 2020

 

തിരുവനന്തപുരം : നിയമസഭാ സമ്മേളനം തടഞ്ഞ ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മുഴുവന്‍ അംഗങ്ങളുടെ യോഗം മെമ്പേഴ്‌സ് ലോഞ്ചില്‍ ചേരണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചില്ല. എട്ടാം തീയതി ചേരുന്ന നിയമസഭ സമ്മേളനത്തിലാണ് പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും കേന്ദ്ര നിയമത്തിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാനും കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചിരുന്നു. ബുധനാഴ്ചയാണ് സമ്മേളനം ചേരാനിരുന്നത്. കേരള ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണര്‍ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്നത്. രണ്ടുതവണ വിശദീകരണം തേടിയശേഷമായിരുന്നു ഗവര്‍ണറുടെ നടപടി.