‘നിങ്ങള്‍ മനസിലാക്കിയത് തന്നെയാണ് ഞാനും മനസിലാക്കിയത്’ : മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരി പടർത്തി ഉമ്മന്‍ ചാണ്ടിയുടെ മറുപടി | Video

Jaihind News Bureau
Friday, April 17, 2020

 

പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ സ്പ്രിങ്ക്ളർ ഡാറ്റാ വിവാദത്തില്‍ തീർത്തും പ്രതിരോധത്തിലായിരിക്കുകയാണ് പിണറായി സർക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നിരന്തരം ചോദ്യങ്ങളുയർന്നത് സർക്കാരിന് തലവേദനയാവുകയും ചെയ്തു. ഇന്നലെ കൊവിഡ് വിശകലനവുമായി ബന്ധപ്പെട്ട പതിവ് വാർത്താസമ്മേളനത്തില്‍ ഉയർന്ന ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. മാത്രമല്ല, പതിവ് വാര്‍ത്താസമ്മേളനം ഇനി ഉണ്ടാവുകയില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ഇത് സ്പ്രിങ്ക്ളർ കരാറുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു.

സ്പ്രിങ്ക്ളർ കരാറിലെ ഗുരുതര ക്രമക്കേട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അക്കമിട്ട് നിരത്തിയിരുന്നു. കരാറിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിനും മറുപടിയുണ്ടായില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലും സ്പ്രിങ്ക്ളര്‍ കരാറിലെ ദുരൂഹതകള്‍ തുറന്നുകാട്ടി. കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനിടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രസകരമായ മറുപടി.

തിടുക്കപ്പെട്ട് വാർത്താസമ്മേളനം നിർത്തുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കാനിടയായ സാഹചര്യം എന്താണെന്നാണ് അങ്ങ് മനസിലാക്കുന്നത് എന്ന ചോദ്യത്തിന് ‘നിങ്ങള്‍ മനസിലാക്കിയത് തന്നെയാണ് ഞാനും മനസിലാക്കിയത്’ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.