നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ 50 വര്‍ഷം : ‘കരുണയും കരുതലുമായി’ 50 ജീവകാരുണ്യ പരിപാടികള്‍ പ്രഖ്യാപിച്ച് ഇന്‍കാസ് തൃശൂര്‍ ; പ്രവാസ ലോകത്തും തൃശൂരിലും പരിപാടികള്‍

ദുബായ് : മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ കേരള നിയമസഭാ സാമാജികത്വത്തിന്‍റെ അമ്പതാം വാര്‍ഷികം, അമ്പത്  പരിപാടികളോടെ സമുചിതമായി ആഘോഷിക്കാന്‍ ഇന്‍കാസ് ദുബായ് തൃശൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ‘കരുണയും കരുതലും’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസം ആദ്യ വാരത്തില്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

തൃശൂര്‍ ജില്ല കേന്ദ്രീകരിച്ചും, പ്രവാസ ലോകത്തുമായാണ് പരിപാടികള്‍ നടത്തുക.  വൃദ്ധ സദനങ്ങള്‍, അനാഥ മന്ദിരങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, അംഗവൈകല്യം ബാധിച്ച കുട്ടികളുടെ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയവക്ക് ആവശ്യമായ സഹായങ്ങള്‍, കൂടാതെ അത്യാവശ്യ സ്ഥലങ്ങങ്ങളില്‍ ശീതീകരണ കുടിവെള്ള പദ്ധതി പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള 50 പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിവേഗം ബഹുദൂരം കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ച കേരള ചരിത്രത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഇന്‍കാസ് യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് എന്‍ പി രാമചന്ദ്രന്‍ പറഞ്ഞു. ‘കരുണയും കരുതലും’ പദ്ധതിയുടെ ആലോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

ഇന്‍കാസ് ദുബായ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ബി പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ജന സമ്പര്‍ക്ക പരിപാടി, പകരം വെക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു സാധാരണക്കാരനോടും അദ്ദേഹം കാണിക്കുന്ന കരുതലും കരുണയുമാണ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ച് 50 പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍കാസ് ദുബായ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ട്രഷറര്‍ ഫിറോസ് മുഹമ്മദാലി, ഭാരവാഹികളായ പി എം അബ്ദുല്‍ ജലീല്‍, സിന്ധു മോഹന്‍, സുനില്‍ അരുവായ്, ടോജി മുല്ലശ്ശേരി, തസ്ലിം കരീം, ആരിഷ് അബൂബക്കര്‍, ഷാഫി അഞ്ചങ്ങാടി, അഖില്‍ ദാസ്, സുലൈമാന്‍ കറുത്താക്ക, ആന്റോ അബ്രഹാം, രതീഷ് ഇരട്ടപ്പുഴ, ഷംസുദ്ദീന്‍ വടക്കേക്കാട്, സി. സദിഖ്അലി, ഫാറൂഖ് കുട്ടമംഗലം, താരിസ്, സുധി സലാഹു, റാഫി കോമലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Comments (0)
Add Comment