‘ഓര്‍മ്മച്ചെപ്പ്’ – എംഎം ഹസന്‍റെ ആത്മകഥ ; ഡിസംബര്‍ 8ന് ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്യും

Jaihind Webdesk
Friday, December 3, 2021

 

തിരുവനന്തപുരം : യുഡിഎഫ് കണ്‍വീനറും മുന്‍ കെപിസിസി പ്രസിഡന്‍റുമായ എംഎംഹസന്‍റെ ആത്മകഥ ഡിസംബര്‍ 8ന് പ്രകാശനം ചെയ്യും. ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  നിർവഹിക്കും.

ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തിലെ ഓര്‍മ്മകളുമാണ് അഞ്ഞൂറിലേറെ താളുകളിലായി  ‘ഓര്‍മ്മച്ചെപ്പില്‍’ പ്രതിപാദിക്കുന്നത്. കറന്‍റ് ബുക്‌സ് വഴി ഡിസി ബുക്‌സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍. ഡിസംബര്‍ 8 ബുധനാഴ്ച വൈകിട്ട് 4.30 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാഹിത്യകാരനായ ടി പത്മനാഭന് ആദ്യപ്രതി നല്‍കി പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം നിര്‍വഹിക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അധ്യക്ഷ്യം വഹിക്കുന്ന   കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, വിഎം സുധീരന്‍, രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ മന്ത്രി ജി സുധാകരന്‍, പിസി ചാക്കോ, ഡോ. എംകെ മുനീര്‍, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജെകെ മേനോന്‍ (ഖത്തര്‍), പെരുമ്പടവം ശ്രീധരന്‍, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. വി രാജകൃഷ്ണന്‍, പാലോട് രവി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ബിഎസ് ബാലചന്ദ്രന്‍ സ്വാഗതവും ഡോ. എംആര്‍ തമ്പാന്‍ പുസ്തകപരിചയവും എംഎം ഹസന്‍ നന്ദിപ്രകാശനവും നിര്‍വഹിക്കും.