ഹൃദയാഘാതത്തെ തുടര്‍ന്ന് ആഫ്രിക്കയിലെ ഗിനിയില്‍ മരിച്ച വെണ്‍പാല സ്വദേശി മദന്‍ മേനോന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തി. മദന്‍ മേനോന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടിരുന്നു. അച്ഛനെ അവസാനമായി കാണാന്‍ വഴിയൊരുക്കിയ നേതാവിന് കുടുംബം നന്ദി അറിയിച്ചു. ‘സർ, ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് അച്ഛനെ അവസാനമായി കാണാൻ കഴിയില്ലായിരുന്നു’വെന്ന് മദന്റെ മക്കളായ മഞ്ജുഷയും മോനിഷയും പറഞ്ഞു.
കഴിഞ്ഞ 4 നാണ് മദൻ ഹൃദയാഘാതം മൂലം മരിച്ചത്. ഉമ്മൻ ചാണ്ടി ഗിനിയിലുള്ള മലയാളികളുമായി ബന്ധപ്പെട്ട് വിമാനച്ചെലവ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്തി. ഗിനിയിൽ നിന്നു നേരിട്ട് വിമാനം ഇന്ത്യയിലേക്കില്ലാത്തതിനാൽ ദുബായ് വഴി എമിറേറ്റ്സ് കാർഗോ സർവീസിലാണ് മൃതദേഹം എത്തിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. 11ന് സംസ്കാരം നടത്തി. കെപിസിസി നിർവാഹക സമിതി അംഗം സതീഷ് കൊച്ചുപറമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, മണ്ഡലം പ്രസിഡന്റ് ജിനു തോമ്പുകുഴി, ഐഎൻടിയുസി നേതാക്കളായ ദീപു തെക്കേമുറി അജിൻ കുന്നന്താനം എന്നിവർ ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.