കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതല പൊലീസിനെ ഏല്‍പ്പിച്ചത് തലതിരിഞ്ഞ നടപടി; സർക്കാർ തീരുമാനം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Wednesday, August 5, 2020

 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പൊലീസിനെ ഏല്‍പ്പിച്ചത് തലതിരിഞ്ഞ നടപടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാർ തീരുമാനം  പിന്‍വലിക്കണം. മുഖ്യമന്ത്രി രാജിവെക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കെപിസിസിയുടെ സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന്‍റെ മറവില്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. സർക്കാരിന്‍റെ പിടിപ്പുകേടാണ് കൊവിഡ് വ്യാപനത്തിന് കാരണം. കണ്‍സള്‍ട്ടന്‍സികളുടെ മറവില്‍ വ്യാപക പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാപനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു.